കണ്ണൂർ: വ്യാജവാർത്ത നൽകി മാനഹാനി വരുത്തിയെന്ന കേസിൽ മലയാള മനോരമ പ്രിന്റർ ആന്റ് പബ്ലിക്കേഷൻസ് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. പുറമെ, കോടതിച്ചെലവും ആറു ശതമാനം പലിശയും നൽകണമെന്നും കണ്ണൂർ സബ്കോടതി വിധിച്ചു.
2020 സെപ്റ്റംബറിൽ പികെ ഇന്ദിര ക്വാറന്റീൻ ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ബ്രാഞ്ചിലെത്തി ലോക്കർ തുറന്ന് ഇടപാട് നടത്തിയത് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നു എന്നായിരുന്നു വാർത്തനൽകിയത്. ഇതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷർ ജേക്കബ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റർ ഫിലിപ്പ് മാത്യു, റിപ്പോർട്ടർ കെപി സഫീന എന്നിവരായിരുന്നു എതിർകക്ഷികൾ.
അഭിഭാഷകരായ എം രാജഗോപാലൻ നായർ, പിയു ശൈലജൻ എന്നിവർ മുഖേന ഇന്ദിര നൽകിയ മാനനഷ്ട കേസിലാണ് ഉത്തരവ്. എന്ത് നുണയും എഴുതി ജനങ്ങളെ വിഡ്ഢികളാക്കാം എന്ന് കരുതുന്ന മാധ്യമപ്രവർത്തന ശൈലിക്കുള്ള മറുപടിയാണ് വിധിയെന്ന് ഇപി ജയരാജൻ പ്രതികരിച്ചു.
പേരക്കുട്ടികളുടെ ആഭരണമെടുക്കാൻ ബാങ്കിൽ പോയതിനെ മന്ത്രിയുടെ ഭാര്യ ക്വാറന്റീൻ ലംഘിച്ച് ബാങ്ക് ലോക്കർ തുറന്നുവെന്നും ദുരൂഹമായ ഇടപാട് നടത്തിയെന്നും പ്രചരിപ്പിച്ചതിനുള്ള തിരിച്ചടിയാണിതെന്ന് ഇപി ജയരാജൻ പറഞ്ഞു.
Discussion about this post