കൊച്ചി: നടന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ കുറിച്ച് ഹൃദ്യമായ അനുഭവം പങ്കുവച്ച് നടി മിയ. രാമകൃഷ്ണന് മാഷില്‍ നിന്നും തനിക്ക് ലഭിച്ച വളരെ നല്ല അനുഭവമാണ് മിയ പങ്കിടുന്നത്. നര്‍ത്തകി സത്യഭാമയുടെ ജാതീയ അധിക്ഷേപത്തിന് പിന്നാലെയാണ് രാമകൃഷ്ണന് പിന്തുണയുമായി മിയയും രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ കലോത്സവത്തില്‍ മത്സരത്തിനിടെ തന്റെ വിദ്യാര്‍ഥിനിയ്ക്ക് എതിരെ മത്സരിക്കാനെത്തിയ തന്നോട് രാമകൃഷ്ണന് മാഷ് കാണിച്ച സ്നേഹവും കരുതലുമാണ് മിയ പങ്കിടുന്നത്. നല്ല കലാകാരന് മാത്രമല്ല നല്ല മനുഷ്യന് കൂടിയാണെന്നും മിയ പറയുന്നു.
‘ആര്‍എല്‍വി രാമകൃഷ്ണനെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ കാണാനിടയായി. അദ്ദേഹവുമായി എനിക്കുണ്ടായ നല്ല അനുഭവം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി. ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ്. പാലായില്‍ വച്ച് കോട്ടയം ജില്ലാ കലോത്സവം നടക്കുകയായിരുന്നു. മോഹിനിയാട്ടം മത്സരത്തിന് ഞാന്‍ ഒന്നാമതായി സ്റ്റേജില്‍ കയറി കളിച്ചു. എട്ടര മിനിറ്റായപ്പോള്‍ പാട്ട് നിന്നുപോയി. പക്ഷേ പാട്ടില്ലാതെ തന്നെ ഞാന്‍ കളിച്ചു തീര്‍ത്തു.
സാങ്കേതിക പ്രശ്നമായതിനാല്‍ എനിക്ക് വീണ്ടും കളിക്കാന്‍ അവസരം കിട്ടി. കുറച്ചു കുട്ടികളുടെ ഡാന്‍സിന് ശേഷമായിരുന്നു എനിക്ക് വീണ്ടും അവസരമുണ്ടായിരുന്നത്. സ്റ്റേജിന് പിന്നിലെ ഗ്രീന്‍ റൂമില്‍ റെസ്റ്റ് ചെയ്യാന്‍ ഞാന്‍ പോയി. ആ സമയത്ത് അവിടെ രാമകൃഷ്ണന് സാര്‍ ഉണ്ടായിരുന്നു.
തന്റെ സ്റ്റുഡന്റിനെ റെഡിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അവിടെ ചെന്നിരുന്നപ്പോള്‍ എന്തു പറ്റി എന്ന് എന്നോട് ചോദിച്ചു. പാട്ട് നിന്ന് പോയെന്ന് പറഞ്ഞപ്പോള്‍ മോള് റെസ്റ്റ് എടുക്ക് എന്നാണ് അദ്ദേഹം പറഞ്ഞത്. വെള്ളം വേണോ എന്നൊക്കെ എന്നോട് ചോദിച്ചു. മറ്റേ കുട്ടിക്ക് എടുത്തുവച്ചിരുന്ന ഓറഞ്ച് എനിക്ക് കഴിക്കാന്‍ തന്നു.
ടെന്‍ഷനൊന്നും വേണ്ട, സമാധാനത്തോടെ പോയി കളിച്ചാല്‍ മതിയെന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ ആദ്യമായി രാമകൃഷ്ണന് സാറെ കാണുന്നത്. ആ സമയത്ത് പേരൊന്നും അറിയില്ലായിരുന്നു. കലാഭവന്‍ മണിയുടെ അനിയനാണെന്ന് അവിടെ ആരോ പറഞ്ഞാണ് അറിഞ്ഞത്. ആ മത്സരത്തില്‍ എനിക്ക് ഫസ്റ്റ് കിട്ടി. സാറിന്റെ കുട്ടിയുടെ എതിരാളിയായിരുന്നിട്ടും എനിക്ക് വെള്ളവും ഓറഞ്ചുമൊക്കെ തന്നു.
ഒരു നെഗറ്റീവ് ഇമോഷനും സാര്‍ കാണിച്ചില്ല. അധ്യാപകന്റെ സ്നേഹമാണ് എനിക്ക് കിട്ടിയത്. അത് എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഒരാള്‍ കലാപ്രകടനത്തിന് തയാറായി നില്ക്കുമ്പോള് അയാളോട് സ്നേഹത്തോടെ വേണം പെരുമാറാന്‍ എന്ന് പഠിച്ചു’ എന്നാണ് മിയ പറയുന്നത്.
Discussion about this post