ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ വീണ്ടും ചക്കക്കൊമ്പന് എത്തി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ചിന്നക്കനാല്‍ സിങ്കുകണ്ടത്താണ് ചക്കക്കൊമ്പന് എത്തിയത്. സിങ്കുകണ്ടം ടൗണിലൂടെയാണ് ആദ്യം എത്തിയത്. പിന്നീട് നാട്ടുകാര്‍ തുരത്തി ഓടിക്കാന്‍ ശ്രമിച്ചതോടെ ജനവാസ മേഖലയിലേക്കും പിന്നാലെ കൃഷിയിടത്തിലേക്കും നീങ്ങി. തുടര്‍ന്ന് ചക്കക്കൊമ്പന് കൃഷികള്‍ നശിപ്പിച്ചു.
ചക്ക കൊമ്പന്റെ പരാക്രമത്തിന് ശേഷം ഇന്ന് പുലര്‍ച്ചയോടെയാണ് വനത്തിലേക്ക് മടങ്ങിയത്. അതേസമയം, തുടര്‍ച്ചയായി ചക്കക്കൊമ്പന് ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
നേരത്തെ അരിക്കൊമ്പന്റെ വിഹാര കേന്ദ്രമായിരുന്ന ഈ പ്രദേശത്തുനിന്ന് കൊമ്പനെ മാറ്റിയതിനുശേഷം കാട്ടാന ആക്രമണങ്ങളില്‍ കുറവ് ഉണ്ടായിരുന്നു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം മേഖലയില്‍ സജീവമാവുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ കാട്ടാന ആക്രമണത്തില്‍ രണ്ട് പേരാണ് മേഖലയില്‍ കൊല്ലപ്പെട്ടത്. ഇതിന് പുറമേയാണ് ചക്ക കൊമ്പന് വീടുകളും റേഷന്‍ കടകളും ആക്രമിക്കുന്നത്.
Discussion about this post