തൃശൂര്‍: നൃത്താധ്യാപിക സത്യഭാമയുടെ അധിക്ഷേപം വിവാദമായതിന് പിന്നാലെ നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ക്ഷണിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് അവതരിപ്പിക്കുക.
കലാമണ്ഡലത്തില്‍ നിന്ന് ലഭിച്ച ക്ഷണത്തില്‍ രാമകൃഷ്ണന്‍ വികാരാധീനനായി. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ത്ഥി കൂടിയായിരുന്നു രാമകൃഷ്ണന്‍. കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശിഷ്യരടക്കം അവിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ ഞാന്‍ കാണികള്‍ക്കിടയില്‍ ഇരുന്നിട്ടുണ്ട്. സന്തോഷം കൊണ്ട് കണ്ണീര്‍ വരുന്നു. ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന വേദിയാണ് കലാമണ്ഡലത്തിലെ കൂത്തമ്പലം. ഏറ്റവും വലിയ ആഗ്രഹമാണ് ഇത്രയും കാലത്തിന് ശേഷം സാധ്യമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിലാണ് അദ്ദേഹം മോഹിനിയാട്ടം അവതരിപ്പിക്കുക.
നൃത്താധ്യാപികയായ സത്യഭാമയാണ് ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയത്. രാമകൃഷ്ണന്‍ മോഹിനിയാട്ടം കളിക്കുന്നതിന് എതിരെയായിരുന്നു അവരുടെ പരാമര്‍ശം. മോഹിനിയാട്ടം കളിക്കാന്‍ സൗന്ദര്യം വേണം എന്നാണ് ഇവര്‍ പറഞ്ഞത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം.
ഇതിനെതിരെ കലാമണ്ഡലം തന്നെ രംഗത്തെത്തിയിരുന്നു. സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നതാണ്. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപ പരാമര്‍ശനത്തിന് പ്രകടനമാണ് മറുപടി. കല ആരുടേയും കുത്തകയല്ലെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചു.
പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി കേരള കലാമണ്ഡലം തന്നെ രംഗത്തെത്തിയിരുന്നു. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നതാണ്. പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം വ്യക്തമാക്കിയിരുന്നു.
Discussion about this post