കൊച്ചി: നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം സോഷ്യലിടത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് സത്യഭാമയെ വിമര്‍ശിച്ച് എത്തിയത്. നിറമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം, നിറമുള്ളവരേ നൃത്തം ചെയ്യാവൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം.
അതേസമയം, സത്യഭാമയുടെ നിലപാട് വലിയ വിമര്‍ശനം നേരിടുമ്പോഴും സമാന നിലപാടെടുത്തിരിക്കുകയാണ് നടി സുവൈബതുല്‍ അസ്ലമിയയും. ഫേസ്ബുക്കിലൂടെയാണ് നിറം വയ്ക്കാനുള്ള ക്രീം പ്രൊമോട്ട് ചെയ്തിരിക്കുകയാണ് താരം.
സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേള്‍ക്കാതിരിക്കാന്‍ താന്‍ നിര്‍ദേശിക്കുന്ന ക്രീം തേക്കണമെന്ന് സുവൈബതുല്‍ അസ്ലമിയ ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടൊപ്പം തന്നെ ഈ പ്രൊഡക്റ്റ് വാങ്ങാനുള്ള നമ്പറും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. സത്യഭാമ പരസ്യമായി നടത്തിയ അധിക്ഷേപം തന്നെയാണ് മറ്റൊരു തരത്തില്‍ സുവൈബതുല്‍ അസ്ലമിയയും ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
വെളുപ്പാണ് ഏറ്റവും മികച്ചതെന്നും, വെളുപ്പിനാണ് സ്വീകാര്യതയെന്നും തെറ്റിദ്ധരിച്ചിരിക്കുന്ന ഇത്തരത്തിലുള്ള എല്ലാ സത്യഭാമമാരും സുവൈബതുല്‍ അസ്ലമിയമാരും സമൂഹത്തിന് ഭീഷണിയാണെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. വലിയ വിമര്‍ശനമാണ് താരവും നേരിടുന്നത്.
അതേസമയം, പോസ്റ്റ് വൈറലായതോടെ സുവൈബതുല്‍ പോസ്റ്റ് പിന്‍വലിച്ച് ക്ഷമാപണം നടത്തിയിരിക്കുകയാണ്. ക്രീമിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പോസ്റ്റിനടിയില്‍ വന്ന കമന്റാണ് താന്‍ പങ്കുവച്ചത്. വംശീയ ജാതീയ അധിക്ഷേപമാണെന്ന് അറിയില്ലായിരുന്നു. വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും അസ്ലമിയ കുറിച്ചു.
‘പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇന്നലെ മുതല്‍ എന്റെ ക്രീമിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പോസ്റ്റിനടിയിയില്‍ കമന്റുകള്‍ വന്നിരുന്നു.. അതിലെ ഒരു കമന്റ് ആണ് ഞാന്‍ പോസ്റ്റായി ഇട്ടത്.. വിഷയത്തിന്റെ ഗൗരവം അറിയില്ലായിരുന്നു.. വംശീയ ജാതീയ അധിക്ഷേമമൊന്നും മനസിലാക്കി അല്ല ആ പോസ്റ്റ് ചെയ്തത്.. ഗൗരവം മനസിലാക്കി ഞാന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു.. എന്റെ പോസ്റ്റ് കാരണം ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജ്യം ക്ഷമ ചോദിക്കുന്നു’. അസ്ലമിയ ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post