പാലക്കാട്: ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിട്ടതിന് പിന്നാലെ കുഴഞ്ഞുവീണ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു.
ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു നാജില്‍. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രിയാണ് സംഭവം. കുട്ടിക്ക് മറ്റ് അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ചാലിശ്ശേരി എച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥിയാണ് മുഹമ്മദ് നാജില്‍.
നാജില്‍ സംസ്ഥാന കലോത്സവങ്ങളില്‍ മാപ്പിളക്കലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥിയായിരുന്നു. പിതാവ്: ജമാല്‍. മാതാവ്: സബീന. സഹോദരിമാര്‍: ലിയ, റെന.