പാലക്കാട്: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി നൃത്തപരിപാടി ക്ഷണിച്ചതിനെ സ്നേഹപൂർവ്വം നിരസിച്ച് നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ. അതേ ദിവസം മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
തനിക്കെതിരായ കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളേജിൽ, കോളേജ് ഡേ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു രാമകൃഷ്ണന്റെ പ്രതികരണം.
2016ൽ ഒരു നൃത്ത പരിപാടിയുമായി ബന്ധപ്പെട്ടാണ് കലാമണ്ഡലം സത്യഭാമ ആദ്യമായി വിളിക്കുന്നത്. നീ ഏതു മോഹനനാ, എന്നു മുതലാണ് മോഹിനിയാട്ടം ആടിത്തുടങ്ങിയത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആദ്യം ചോദിച്ചതെന്നും രാമകൃഷ്ണൻ പറയുന്നു. കൂടാതെ, കലാമണ്ഡലത്തിൽ പഠിക്കുന്ന സമയത്തും മാനസിക പീഡനങ്ങൾ നേരിടേണ്ടിവന്നു. പിഎസ്സി വഴി പരീക്ഷ എഴുതി നിയമനം ലഭിക്കാതിരിക്കാൻ തനിക്കെതിരെ ക്രിമിനൽ കേസ് നൽകുകയും ചെയ്തെന്നും പിന്നീട് താൻ അവതരിപ്പിച്ച നൃത്തത്തിനു നേരെ അനാവശ്യ വിമർശനമുന്നയിച്ചെന്നും അദ്ദേഹം പറയുന്നു.
‘ഇപ്പോൾ വിവാദമായ പരാമർശങ്ങൾ നിങ്ങൾക്കറിയാം. എന്റെ അമ്മ എങ്ങനെയാണ് എന്നെ സ്നേഹിച്ചതെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതില്ല. വഴിയോരങ്ങളിൽ മോഹിനിയാട്ടം അവതരിപ്പിച്ച് പ്രതിഷേധിക്കാൻ തന്നെയാണ് എന്റെ തീരുമാനം. പെൺവേഷത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ എനിക്ക് താൽപര്യമില്ല.’- എന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
ALSO READ- കോന്നിയില്‍ തൊട്ടില് കഴുത്തില്‍ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു
കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനായാണ് സുരേഷ് ഗോപി ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ചത്. പ്രതിഫലം നൽകിയാണ് പരിപാടിക്കു വിളിക്കുന്നതെന്നും വിവാദത്തിൽ കക്ഷിചേരാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
സർക്കാരിനെതിരായ വികാരത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണു വിവാദങ്ങളെന്നായിരുന്നു സുരേഷ് ഗോപിയുടെ വാദം. അതേസമയം, തനിക്ക് വേദി നൽകാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിച്ചു.
Discussion about this post