കണ്ണൂര്‍: കണ്ണൂരില്‍ രണ്ടാഴ്ചയായി ഭീതി വിതച്ച കടുവ ഒടുവില്‍ പിടിയില്‍. അടയ്ക്കാത്തോട് ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി.
അഞ്ചു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്. നേരത്തെ വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
also read:ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയ വിലക്ക്: വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നു വൈകീട്ട് നാലു മണിയോടെയാണ് കടുവയെ പിടികൂടിയത്. രണ്ടു വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ദൗത്യസംഘമാണ് കടുവയെ പിടികൂടിയത്.
കടുവ ഞായറാഴ്ച വനംവകുപ്പിന്റെ കണ്‍മുന്നില്‍ നിന്നും കടന്നുകളഞ്ഞതായിരുന്നു. ശേഷം കരിയങ്കാവിലെ റബര്‍ തോട്ടത്തില്‍ വെച്ചാണ് കടുവയെ കണ്ടത്. പിന്നാലെ പിടികൂടാന്‍ അധികൃതര്‍ എത്തുകയായിരുന്നു.
ആദ്യം കടുവയെ മറ്റൊരാളുടെ പറമ്പിലേക്ക് ഓടിച്ചു കയറ്റി. പിന്നീട് കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. കൂട്ടിലാക്കിയ കടുവയെ കണ്ണവത്തേക്ക് കൊണ്ടുപോയി.