തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ സര്‍ക്കുലര്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു. സര്‍ക്കുലറിന് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് നിറഞ്ഞത്.
ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്കും യുട്യൂബ് ചാനല്‍ തുടങ്ങുന്നതിനും അടക്കമായിരുന്നു വിവാദ സര്‍ക്കുലറില്‍ വിലക്കിയിരുന്നത്. സര്‍ക്കുലര്‍ ഭരണപരമായ കാരണങ്ങളാല്‍ റദ്ദാക്കുന്നുവെന്നാണ് പുതിയ ഉത്തരവ് വിശദമാക്കുന്നത്.
വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നിരുന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചിരുന്നു.
അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കുലറെന്നും ഡോക്ടര്‍മാരുടെ സംഘടന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതും ചാനല്‍ തുടങ്ങുന്നതും വിലക്കി കൊണ്ടായിരുന്നു ഡിഎച്ച്എസിന്റെ സര്‍ക്കുലര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘം 48 ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.