കൊച്ചി: കലാമണ്ഡലം സത്യഭാമയുടെ സൗന്ദര്യ പരാമര്‍ശമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വിഷയത്തില്‍ നിരവധി പ്രതികരണമാണ് സോഷ്യലിടത്ത് നിറയുന്നത്. മോഹിനിയാട്ടത്തിലെ സൗന്ദര്യം നര്‍ത്തനത്തിന്റെ ഭംഗിയാണെന്ന് നര്‍ത്തകി നീനാ പ്രസാദ് പറയുന്നു. കലയുടെ ഭംഗി അനുവാചകനിലേക്ക് അതേപടി പകര്‍ത്താന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ കലാകാരന്മാര്. അവിടെ സൗന്ദര്യത്തിന്റെ അളവുകോല്‍ മറ്റൊന്നുമല്ലെന്നും നീനാ പ്രസാദ് പറയുന്നു.
മോഹിനിയാവണം മോഹിനിയാട്ടം കളിക്കേണ്ടതെന്നും പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ അവര്‍ സൗന്ദര്യമുള്ളവരായിരിക്കണം എന്നുമുള്ള കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു നീനാ പ്രസാദ്.
‘കലയ്ക്ക്, കലാകാരന് അല്ലെങ്കില്‍ കലാകാരി പകരുന്ന ഒരു സൗന്ദര്യമുണ്ട്. അതാണ് യാഥാര്‍ത്ഥത്തിലുള്ളത്. കലാകാരന്റെ പ്രതിഭയും ആ കലയിലുള്ള അവഗാഹവും അനുഭവവുമെല്ലാം ചേര്‍ന്നുവരുന്നതാണ് ആ സൗന്ദര്യം. അനുവാചകരുടെ കണ്ണിലേക്ക് ആ സൗന്ദര്യമാണ് എത്തുന്നത്. ഒരുപാട് നര്‍ത്തകരുണ്ട്, സോ കോള്‍ഡ് സൗന്ദര്യത്തിന്റെ പരിധിക്ക് പുറത്തുനില്ക്കുന്നവര്.
പക്ഷേ, അവരൊക്കെ വേദിയിലും അനുവാചകഹൃദയങ്ങളിലും നേടിയിട്ടുള്ള സ്ഥാനം എത്രയോ വലുതാണ്. അലമേര്‍ വള്ളി, ബാലസരസ്വതി ഒക്കെ ഉദാഹരണങ്ങളാണ്. പുരുഷന്മാര് എന്നൊരു വേര്‍തിരിവ് വേണ്ടല്ലോ. കല എല്ലാവര്‍ക്കുമുള്ളതല്ലേ. ഈ നര്ത്തകരൊക്കെ വേദിയില്‍ നില്ക്കുമ്പോള് കലയുടെ സൗന്ദര്യം അവരുടെ ഉടലിലൂടെ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. അതാണ് സൗന്ദര്യം’. നീനാ പ്രസാദ് പറഞ്ഞു.
അതേസമയം, ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നും ചെന്നൈയിലുള്ള നീനാ പ്രസാദ് പറഞ്ഞു. വിവാദത്തില്‍ പ്രതികരണം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് നീനാ പ്രസാദിന്റെയും മേതില്‍ ദേവികയുടെയും സര്‍ട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്ന് സത്യഭാമ പറഞ്ഞു. അവരൊക്കെ പ്രശസ്ത മോഹിനിയാട്ടം നര്ത്തകരല്ലേ, അവര്‍ക്കൊന്നും ഇത്തരത്തിലുള്ള അഭിപ്രായം ഇല്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു സത്യഭാമയുടെ അധിക്ഷേപം. അവരൊക്കെ ആരാണ്, നീനാ പ്രസാദ് എവിടെ നിന്നാണ് മോ?ഹിനിയാട്ടത്തില് ഡിപ്ലോമ നേടിയത് എന്നായിരുന്നു സത്യഭാമയുടെ പ്രതികരണം.
Discussion about this post