തൃശ്ശൂര്‍: നൃത്തത്തെയും സൗന്ദര്യത്തെയും ബന്ധപ്പെടുത്തി നര്‍ത്തകി കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പേര് പരാമര്‍ശിച്ചില്ലെങ്കിലും പ്രതികരണവുമായി നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്.
ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ വ്യക്തമാക്കി.
ഇതോടെ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരേ വലിയ വിമര്‍ശനമാണ് സോഷ്യലിടത്ത് നിറയുന്നത്. നടന്‍ ഹരീഷ് പേരടി വിഷയത്തില്‍ നടത്തിയ പ്രതികരണം ചര്‍ച്ചയാവുകയാണ്. ഞങ്ങള്‍ക്ക് കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്നും കറുപ്പിനും രാമകൃഷ്ണനുമൊപ്പമെന്നും ഹരീഷ് പേരടി കുറിച്ചു.
”മോളെ സത്യഭാമേ..ഞങ്ങള്‍ക്ക് പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭ്യര്‍ത്ഥന.. ഇനി മോഹിനിയാട്ടം കളിക്കുമ്പോള്‍ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം..”
അതേ സമയം തന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സത്യഭാമ വ്യക്തമാക്കി. ഞാന്‍ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷന്‍മാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.