തൃശ്ശൂർ: പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമ മാധ്യമങ്ങളോടും അധിക്ഷേപം ആവർത്തിച്ചു. കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്നാണ് സത്യഭാമ വീണ്ടും പറഞ്ഞത്. നിരവധിപേർ വിമർശിച്ചിട്ടും നിലപാടിലെ തെറ്റ് തിരുത്താൻ സത്യഭാമ തയ്യാറായില്ല.
എന്റെ അഭിപ്രായത്തിൽ മോഹനിയാട്ടം ചെയ്യുന്ന കുട്ടി മോഹിനിയായിരിക്കണം, മോഹനൻ ആകരുത്. മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തിൽ പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ?
കറുത്ത കുട്ടികൾ പരിശീലനത്തിന് വന്നാൽ പരിശീലനം നൽകും, പക്ഷേ മത്സരത്തിന് പോകേണ്ടെന്ന് പറയും. മോൾ മത്സരത്തിന് പോകണ്ട, അമ്പലത്തിലും ക്ഷേത്രങ്ങളിലും കളിച്ചോ, മത്സരത്തിന് പോകുമ്പോൾ സൗന്ദര്യത്തിന് ഒരു കോളമുണ്ട് എന്ന് പറയുമെന്നാണ് കലാമണ്ഡലം സത്യഭാമ വിശദീകരിച്ചു.
ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കും. ഞാൻ ഒരു വ്യക്തിയുടെ പേരും ജാതിയും മതവും ഒന്നും പറഞ്ഞിട്ടില്ല. എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പഠിക്കാൻ വരുന്ന കുട്ടികൾക്ക് വികാരവും വിചാരവും തിരിച്ചറിയാനാവണം. അതുകൊണ്ടാണ് എൽപി സെക്ഷനിൽ നിന്ന് മോഹിനിയാട്ടം എടുത്തുകളഞ്ഞത്.
ഈ ലോകത്ത് ഒരുപാട് കലാകാരന്മാരുണ്ട്. അവരിൽ ചിലർക്ക് കറുത്ത പയ്യനും പെണ്ണും മോഹനിയാട്ടം കളിക്കുന്നതിൽ വിരോധം കാണില്ല. അവർ അത് കൊണ്ടുനടന്നോട്ടെ. ഞാൻ എന്റെ അഭിപ്രായമല്ലേ പറഞ്ഞത്. ഞാൻ വ്യക്തിപരമായി ആരെയും പരാമർശിച്ചിട്ടില്ല. ഞാൻ ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല, ജാതി പറഞ്ഞിട്ടില്ല, മതം പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോൾ 66 വയസ്സായിട്ടും ഇങ്ങനെ ഇരിക്കുന്നില്ല? അതുമതി. നിങ്ങൾ ആരുടെയെങ്കിലും വീട്ടിലുള്ള കുട്ടികൾക്ക് പൊള്ളുന്ന തരത്തിൽ ഞാൻ വല്ലതും പറഞ്ഞോ? നിങ്ങളെ സംബന്ധിച്ചിത് വെറും പ്രോഗ്രാം. നിങ്ങൾ ആ വ്യക്തിയുടെ കൂടെ അങ്ങ് കൂടിക്കൊള്ളൂ. ഞാൻ ഇനിയും പറയും, ഇതിൽ ഒരു കുറ്റബോധവുമില്ല- എന്നായിരുന്നു സത്യഭാമയുടെ വാക്കുകൾ.
അത്യാവശ്യം സൗന്ദര്യം വേണം. സൗന്ദര്യം ഇല്ലാത്ത ഒരു കുട്ടിക്ക് ഒന്നാം സ്ഥാനം കൊടുത്തിട്ട് കാലിക്കറ്റ് സർവകലാശാലയിൽ എനിക്ക് ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. ഞാൻ വിചാരിച്ചാൽ ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല. സർക്കാർ തലത്തിൽ ആ കോളമെടുത്ത് കളയണം. ഞങ്ങൾക്ക് തിയറിയിൽ ഒരു നർത്തകിക്ക് വേണ്ടുന്ന ലക്ഷണങ്ങൾ പറയുന്നുണ്ട്. ആർഎൽവിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അയാൾ പറയുന്ന കാര്യങ്ങൾക്ക് തെളിവ് കൊണ്ടുവരാൻ പറയാനും സത്യഭാമ പറഞ്ഞു.