കല്‍പ്പറ്റ: മുളള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. കബനിഗിരിയില്‍ കടുവ പശുക്കിടാവിനെ കൊന്നു. കടുവയുടെ ആക്രമണത്തില്‍ മറ്റൊരു പശുവിന് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
മുള്ളന്‍കൊല്ലി പൂഴിപുറത്ത് മാത്യുവിന്റെ പശുകിടാവിനെയാണ് കടുവ പിടികൂടിയത്. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കിടാവിനെ കടുവ കൊണ്ടു പോയിരുന്നു. തൊഴുത്തിലുണ്ടായിരുന്ന മറ്റൊരു പശുവിനെയും കടുവ ആക്രമിച്ചു. രാവിലെനടത്തിയ തിരച്ചിലില്‍ തൊഴുത്തില്‍ നിന്ന് 100 മീറ്റര്‍ അകലെ പാതി തിന്ന നിലയില്‍ പശുക്കിടാവിന്റെ ജഡം കണ്ടെത്തി.
വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലയാണിത്. ഇവിടെ മുന്‍പും കടുവയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ പ്രദേശത്ത് ക്ഷീരകര്‍ഷകരാണ് ഭൂരിഭാഗവും താമസിക്കുന്നത്.
അതേസമയം, വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്നും ഭീതിയകറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൂടാതെ കടുവയെ കൂടുവച്ച് പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ വനം വകുപ്പ് നടപടി തുടങ്ങി. 2 ആഴ്ച മുമ്പാണ് ഒരു കടുവയെ മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടികൂടിയത്.