കൊച്ചി: ഗേറ്റ് മറിഞ്ഞ് ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. ഏലൂര്‍ ഫെറിക്കു സമീപം തൈപ്പറമ്പില്‍ ബെന്നി വര്‍ഗീസിന്റെ ഭാര്യ ജോസ്മേരി ആണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു.
ഭര്‍ത്താവിനെ യാത്രയാക്കിയ ശേഷം അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഗേറ്റ് മറിഞ്ഞുവീണത്. ജന്മദിനപ്പിറ്റേന്നായിരുന്നു ജോസ്മേരിയുടെ മരണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.45നാണ് അപകടം സംഭവിച്ചത്.
രക്തപരിശോധനയ്ക്കു ജീപ്പില്‍ പോയ ഭര്‍ത്താവ് ബെന്നിയെ യാത്രയാക്കാന്‍ മുറ്റത്തിറങ്ങിയതായിരുന്നു ജോസ്മേരി. ഭര്‍ത്താവ് പോയതിന് ശേഷം ഗേറ്റ് അടയ്ക്കുമ്പോള്‍ വശങ്ങളിലേക്കു തള്ളിനീക്കുന്ന ഭാരമുള്ള ഇരുമ്പ് ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
ഗേറ്റിന്റെ ഭാരം താങ്ങാനാവാതെ തലയടിച്ചുവീണ ജോസ്മേരിക്കു മേല്‍ ഗേറ്റ് പതിക്കുകയായിരുന്നു. ജോസ്മേരിയുടെ കൈകളില്‍ ടോര്‍ച്ചും ചായക്കപ്പും ഉണ്ടായിരുന്നതിനാല്‍ ഗേറ്റ് പിടിച്ചുനിര്‍ത്താനും കഴിഞ്ഞില്ല.
സംഭവം വീട്ടിനുള്ളിലുണ്ടായിരുന്ന മകളും അറിഞ്ഞില്ല. അയല്‍വാസിയായ ഷിബുവാണു മറിഞ്ഞുകിടന്ന ഗേറ്റിനടിയില്‍ വസ്ത്രത്തിന്റെ തുമ്പുകണ്ട് അപകടവിവരം സമീപവാസികളെ അറിയിച്ചത്.
തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തി ഗേറ്റ് ഉയര്‍ത്തിമാറ്റി ജോസ്മേരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏലൂര്‍ വില്ലേജ് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയാണു ജോസ്മേരി.
Discussion about this post