തിരുവനന്തപുരം: ബൈക്കപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില അതീവ ഗുരുതരം. നിലവില്‍ അരുന്ധതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്.കഴിഞ്ഞ വ്യാഴാഴ്ച കോവളം ബൈപ്പാസില്‍ വെച്ചാണ് അരുന്ധതി അപകടത്തില്‍പ്പെട്ടത്.
തലയ്ക്ക് സാരമായ പരിക്കേറ്റ താരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. അരുന്ധതിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. വാരിയെല്ലുകള്‍ക്കും ഗുരുതരമായ ക്ഷതം സഭവിച്ചിട്ടുണ്ട്.
നടിയുടെ സഹോദരി ആരതി നായരാണ് സഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്ത് ശരത്ത് ലാല്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. ദിവസവുമുള്ള ആശുപത്രി ചിലവുകള്‍ താങ്ങാന്‍ സാധിക്കുന്നില്ല. തങ്ങളെക്കൊണ്ട് കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ തെയ്യുന്നുണ്ട് എങ്കിലും ചെലവുകള്‍ താങ്ങാവുന്നതിലും അധികമാവുകയാണ്. നിങ്ങളാല്‍ കഴിയുന്ന തരത്തില്‍ സംഭാവനകള്‍ നല്കി സഹായിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. അരുന്ധതിയുടെ വിവരങ്ങള്‍ അന്വേഷിക്കുന്നവരോട് നന്ദിയുണ്ടെന്നും എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകുന്ന സാഹചര്യമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അരുന്ധതി. ഒരു യൂട്യൂബ് ചാനലിന് വേണ്ടിയുള്ള ഷൂട്ടിങ്ങിനായി പോയി സഹോദരനൊപ്പം തിരിച്ചു വരികയായിരുന്നു നടി. രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം റോഡില്‍ കിടന്നു. ഒടുവില്‍ അതുവഴി പോയ മറ്റു വാഹനയാത്രക്കാരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. തമിഴിലൂടെയാണ് അരുന്ധതി സിനിമാരംഗത്ത് സജീവമാകുന്നത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ സൈത്താനിലെ നായികയായിരുന്നു. ആദ്യ മലയാള ചിത്രം ഒറ്റയ്ക്കൊരു കാമുകനാണ്.
Discussion about this post