മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാലക്കാട്ടെ റോഡ് ഷോയില്‍ വിശദീകരണവുമായി മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസിയുമായ ഡോ. അബ്ദുള്‍ സലാം. റോഡ് ഷോയില്‍ ഇടം പിടിയ്ക്കാത്ത സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് അബ്ദുള്‍ സലാം വിശദീകരണവുമായി എത്തിയത്.
പാലക്കാട് പോയത് മോഡിയെ കാണാനും മലപ്പുറത്തേക്ക് ക്ഷണിക്കാനുമാണ് റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ആരും വിളിച്ചിരുന്നില്ലെന്നും ഡോ. അബ്ദുള്‍ സലാം പറഞ്ഞു. തന്നെ റോഡ് ഷോയില്‍ നിന്നും ഒഴിവാക്കി എന്ന കഥ അടിസ്ഥാനമില്ലാത്തതാണ്. മൂന്നു പേര്‍ക്ക് മാത്രമാണ് വാഹനത്തില്‍ കയറാന്‍ അനുമതി ഉണ്ടായിരുന്നത്.
വാഹനത്തിന് അടുത്ത് നിന്നപ്പോള്‍ അതില്‍ കയറാനാണെന്നും ചിലര്‍ക്ക് തോന്നിക്കാണും. മോഡി സ്നേഹം തോന്നി വിളിച്ചാലും വാഹനത്തില്‍ കയറാന്‍ സ്ഥലം ഉണ്ടായിരുന്നില്ല. മോഡി വന്നാല്‍ മലപ്പുറവും മാറും. അതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും അബ്ദുള്‍ സലാം പറഞ്ഞു. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റേണ്ടതില്ലെന്നും വെള്ളിയാഴ്ച മറ്റെന്തെല്ലാം കാര്യങ്ങള്‍ നടത്തുന്നുവെന്നും അബ്ദുള്‍ സലാം പറഞ്ഞു.
ഒരു മതവിഭാഗം മാത്രം അങ്ങനെ ആവശ്യപ്പെടുന്നത് ശരിയല്ല. അങ്ങനത്തെ നിലപാട് ആ മതവിഭാഗത്തെ ഒറ്റപ്പെടുത്തുകയെ ഉള്ളൂ. എല്ലാ മത വിഭാഗങ്ങളും ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കും? ഉച്ചയ്ക്ക് പള്ളിയില്‍ പോകുന്ന സമയം ഒഴികെ മറ്റു സമയങ്ങളില്‍ വോട്ടു ചെയ്യാമല്ലോയെന്നും അബ്ദുള്‍ സലാം പറഞ്ഞു.
റോഡ് ഷോയില്‍ ഡോ. അബ്ദുള്‍ സലാമിന് ഇടം കിട്ടിയിരുന്നില്ല. നാലില്‍ കൂടുതല്‍ പേരെ വാഹനത്തില്‍ കയറ്റാന്‍ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപിയുടെ വിശദീകരണം. പാലക്കാട്, പൊന്നാനി സ്ഥാനാര്‍ത്ഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോഡിയുടെ വാഹനത്തില്‍ കയറിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മലപ്പുറം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാം ഉണ്ടായിരുന്നു.