തിരുവനന്തപുരം: സ്പിരിറ്റ് കടത്തിനെ കുറിച്ച് എക്സൈസിന് വിവരം നല്‍കിയതിന്റെ വൈരാഗ്യത്തില്‍ സഹോദരങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിനതടവ്. രണ്ട് പ്രതികളെ ജില്ല സെഷന്‍സ് കോടതി 7 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഒന്നാംപ്രതി പരശുവയ്ക്കല്‍ കൊല്ലിയോട് ജി എസ് ഭവനില്‍ സിലി എന്ന കിങ്സിലി (53), മൂന്നാം പ്രതി പരശുവയ്ക്കല്‍ ആലുനിന്നവിള, കരയ്ക്കാട്ട് എം. ഇ ഭവനില്‍ ഷിജിന് (41)എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ എം ബഷീറാണ് ഏഴ് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചത്. കൊല്ലിയോട് എസ്. ബി സദനത്തില്‍ സഹോദരങ്ങളായ രാധാകൃഷ്ണന്, ഭാസി എന്നിവരെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കോടതി പ്രതികളെ ശിക്ഷിച്ചത്.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2007 ലാണ്. രണ്ടാം പ്രതി ഗോഡ് വിന് ജോസ് വിചാരണയ്ക്കിടെ മരണപ്പെടുകയായിരുന്നു. പ്രതികള്‍ മൂവരും ചേര്‍ന്ന് സ്പിരിറ്റ് കടത്തുന്നതായി രാധാകൃഷ്ണനും, സഹോദരന് ഭാസിയും എക്സൈസിന് പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വീട് കയറി ആക്രമിക്കാന്‍ കാരണമായത്.
Discussion about this post