14 വര്‍ഷത്തെ കാത്തിരിപ്പ്; ദളപതി വിജയ് തിരുവനന്തപുരത്തെത്തി, സ്വീകരിക്കാനെത്തി ആരാധക ലക്ഷങ്ങള്‍

തിരുവന്തപുരം: 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കേരളത്തിന്റെ മണ്ണിലെത്തി ദളപതി വിജയ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് എത്തി. ആഭ്യന്തര ടെര്‍മിനലിലെത്തിയ വിജയ്‌യെ കാത്ത് വിമാനത്താവളത്തില്‍ ആരാധകലക്ഷങ്ങളുണ്ടായിരുന്നു. വന്‍ പോലീസ് സംഘമാണ് വിമാനത്താവളത്തിന് പുറത്ത് ആരാധകരെ നിയന്ത്രിക്കാനെത്തിയത്.

ആരാധകരെ തുടര്‍ന്ന് എയര്‍പോര്‍ട്ട് റോഡില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. ബാനറുകളും ഫ്ളെക്സ് ബോര്‍ഡുകളുമായി ആരാധകസംഘം ഉച്ച മുതല്‍ തന്നെ വിമാനത്താവളത്തില്‍ കൂടിയിരുന്നു.

മാര്‍ച്ച് 23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് ഗോട്ടിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ക്ലൈമാസ് രംഗമാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.

സംവിധായകന്‍ വെങ്കട് പ്രഭു രണ്ടാഴ്ച മുന്‍പ് തലസ്ഥാനത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു. വിജയ്യുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഫാന്‍സ് നഗരത്തില്‍ പല സ്ഥലങ്ങളിലും വലിയ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.

14 വര്‍ഷം മുന്‍പ് കാവലന്റെ ചിത്രീകരണത്തിനായാണ് വിജയ് കേരളത്തില്‍ എത്തിയത്. അതിന് ശേഷം പല സന്ദര്‍ഭങ്ങളിലും വിജയ് കേരളത്തിലെത്തും എന്ന ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അത് യാഥാര്‍ഥ്യമാവാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടി വന്നു.

ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനിരുന്നത്. ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്റെ കസിനുമായ ഭവതരണി കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്നാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത്.

Exit mobile version