തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് ആനയെ കൊണ്ടുവരാതിരുന്ന പാപ്പാന് സസ്പെന്ഷന്. ദേവസ്വത്തിലെ കൃഷ്ണനാരായണന്‍ എന്ന ആനയുടെ പാപ്പാന് നന്ദകുമാറിനെതിരെയാണ് നടപടിയെടുത്തത്.
ഇന്നലെ വൈകിട്ടാണ് ക്ഷേത്രത്തില്‍ ശീവേലിക്ക് ആനയെ എത്തിക്കാതിരുന്നത്. ഇതേതുടര്‍ന്ന് കരുതലായി നിര്‍ത്തിയിരുന്ന കൊമ്പന് രാധാകൃഷ്ണനെ ശീവേലിക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ തിടമ്പേറ്റി പരിചയമില്ലാത്തതിനാല്‍ കീഴ്ശാന്തിക്ക് കയറാന്‍ പറ്റുന്ന രീതിയില്‍ ആനക്ക് ഇരിക്കാന്‍ കഴിഞ്ഞില്ല. പാപ്പാന്മാര് വീണ്ടും ശ്രമിച്ചപ്പോള്‍ കുത്തു വിളക്കുമായി മുന്നില്‍ നില്ക്കുന്ന അച്ചുണ്ണി പിഷാരടിയയെ കൊമ്പ് കൊണ്ട് തട്ടി തട്ടി തെറിപ്പിച്ചു. ഉടന്‍ തന്നെ പാപ്പാന്മാര് ആനയെ വരുതിയിലാക്കി പുറത്തേക്ക് കൊണ്ട് പോയി. തുടര്‍ന്ന് ആനയില്ലാതെ ശീവേലി നടത്തേണ്ടിവന്നു. തിടമ്പ് കയ്യില്‍ പിടിച്ചാണ് കീഴ്ശാന്തി ചടങ്ങ് പൂര്‍ത്തിയാക്കിയത്.
ക്ഷേത്രത്തില്‍ ആചാരപരമായി ആനയോട്ട ദിവസം മാത്രമാണ് ആനയില്ല ശീവേലി നടത്താറ്. ദേവസ്വത്തിന്റെ പരാതി പ്രകാരം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പാപ്പാനെതിരെ കേസെടുത്തു. കേരള പോലീസ് ആക്ട് പ്രകാരം മദ്യപിച്ച് ജോലിക്ക് ഹാജരാകാതിരുന്നതിനാണ് പോലീസ് കേസെടുത്തത്. ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ പാപ്പാനെതിരെ അടുത്തദിവസം ദേവസ്വം ഭരണസമിതി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.
Discussion about this post