തിരുവനന്തപുരം: വീടിനുള്ളിൽ ഗർഭിണിയായ പത്തൊമ്പതുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ കാട്ടിൽവീട്ടിൽ ലക്ഷ്മിയെയാണ് ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശങ്കരൻമുക്കിന് സമീപത്ത് ഭർതൃകുടുംബം താമസിക്കുന്ന വീട്ടിൽ വെച്ചായിരുന്നു മരണം. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ഒന്നരമാസം ഗർഭിണിയായിരുന്നു. 11 മാസം മുൻപാണ് ലക്ഷ്മിയും ഓട്ടോ ഡ്രൈവറായ കിരണും പ്രണയിച്ച് വിവാഹിതരായത്. പെൺകുട്ടി ചെമ്പകമംഗലത്തെ സായ്റാം കോളേജിലെ അവസാനവർഷ ബിരുദവിദ്യാർഥിനിയായിരുന്നു.
ഗർഭിണിയായതോടെ പഠിക്കാൻ പോകുന്നത് ഭർത്താവ് വിലക്കിയതായാണ് പരാതി. തുടർന്ന് ഗർഭഛിദ്രം നടത്താൻ യുവതി ആവശ്യപ്പെട്ടിട്ടും ഭർതൃവീട്ടുകാർ ഇതിന് സമ്മതിച്ചില്ലെന്നും പറയുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വർക്കല എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതൽവിവരങ്ങൾ വ്യക്തമാവാനുണ്ടെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)