തൃശ്ശൂര്‍: തന്റെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നടന് ടൊവിനോ തോമസ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രചാരണ പരിപാടികളുടെ അംബാസഡറാണ് ടൊവിനോ. അതുകൊണ്ട്, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ക്കൊപ്പം തന്റെ ചിത്രം പങ്കുവയ്ക്കരുതെന്ന് ടൊവിനോ വ്യക്തമാക്കി.
തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ നടനൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ടൊവിനോ പ്രചാരണ പരിപാടികളുടെ അംബാസഡറാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു.
എല്ലാ ലോക്സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍. ഞാന്‍ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP(Systematic Voters Education and Electoral Participation )അംബാസ്സഡര്‍ ആയതിനാല്‍ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു. – ടൊവിനോ തോമസ് കുറിച്ചു.
ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോഴെടുത്ത ചിത്രമാണ് സുനില്‍ കുമാര്‍ പങ്കുവച്ചിരുന്നത്. വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സുനില്‍ കുമാര്‍ കുറിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാരംഗത്തെ യുവ നടന്മാരില് തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് ടൊവിനോയെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കേവലം നടന് എന്ന വിശേഷണത്തില്‍ ഒതുക്കാവുന്ന ആളല്ല ടൊവിനോ. മനുഷ്യസ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും മുന്‍നിരയിലാണ് ടൊവിനോയുടെ സ്ഥാനം. വ്യക്തിപരമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് അദ്ദേഹമെന്നും സുനില്‍ കുമാര്‍ കുറിച്ചു.
Discussion about this post