തൃശൂർ: കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ മകന്റെ ഫേസ്ബുക്ക് കുറിപ്പ് വിവാദമായതോടെ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. പോസ്റ്റിൽ പറഞ്ഞ കാര്യവുമായി യാതൊരുവിധ ബന്ധവുമില്ല. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പാർട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം .സുരേഷ് ഗോപിക്കു വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്നായിരുന്നു കലാമണ്ഡലം ഗോപിയാശാന്റെ മകൻ രഘു ഗുരുകൃപയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഈ പോസ്റ്റ് വലിയ ചർച്ചയായതോടെ അദ്ദേഹം അത് പിൻവലിച്ചിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണമെന്നും രഘു പറഞ്ഞു.
രഘു ഗുരുകൃപയുടെ കുറിപ്പിന്റെ പൂർണരൂപം:
”സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്. (പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു, നാളെ അങ്ങോട്ട് വരുന്നുണ്ട്, സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടർ. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു. ഞാൻ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാൻ, അസുഖം വന്നപ്പോൾ ഞാനെ ഉണ്ടായുള്ളൂന്ന്. ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടേന്ന്. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോൾ ഡോക്ടർ ആശാന് പത്മഭൂഷൺ കിട്ടേണ്ടന്ന്. അച്ഛൻ അങ്ങനെ എനിക്ക് കിട്ടേണ്ടന്ന്). ഇനിയും ആരും ബിജെപിക്കും കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട. ഇത് ഒരു അപേക്ഷയായി കൂട്ടിയാൽ മതി.”
Discussion about this post