ആദ്യം ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിക്കും, പിന്നീട് ഭണ്ഡാരം കുത്തിപ്പൊളിക്കും; ഒടുവില്‍ കള്ളനെ കുടുക്കി സിസിടിവി, അറസ്റ്റ്

ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥന നടത്തുകയും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യലാണ് ഇയാളുടെ പതിവ് രീതി.

ജയ്പൂര്‍: ക്ഷേത്രങ്ങളില്‍ കയറി പ്രാര്‍ത്ഥിക്കുകയും തുടര്‍ന്ന് മോഷണം നടത്തുകയും ചെയ്യുന്ന യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ അല്‍വാറിലാണ് ഗോപേഷ് ശര്‍മ്മ (37) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ക്ഷേത്രങ്ങളെ ലക്ഷ്യം വെച്ചാണ് മോഷണം നടത്തിയിരുന്നത്. ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥന നടത്തുകയും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യലാണ് ഇയാളുടെ പതിവ് രീതി.

ആല്‍വാറിലെ ആദര്‍ശ് നഗറിലെ ക്ഷേത്രത്തിലെത്തിയ ശര്‍മ്മ പ്രാര്‍ത്ഥിക്കുകയും ഒടുവില്‍ സംഭാവന പെട്ടിയില്‍ നിന്ന് പണം കവരുകയുമായിരുന്നു. കൂടാതെ ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് വെള്ളിയാഭരണങ്ങള്‍, കുടകള്‍, വഴിപാട് പെട്ടിയിലെ പണവും മോഷ്ടിച്ചു.

എന്നാല്‍ മോഷണത്തിനിടെ ഇയാള്‍ സിസിടിവിയില്‍ കുടുങ്ങി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പോലീസിന്റെ വലയിലായി.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ സമാനമായ രീതിയില്‍ നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. ഗോപേഷ് ശര്‍മ്മ ക്ഷേത്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ പരിശോധിച്ചതിന് ശേഷം പൂജാരി രാത്രി പോയതിനുശേഷം, വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കലാണ് രീതി.

Exit mobile version