ആറന്മുള: അയല്‍വാസിയ്ക്ക് കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ കിട്ടാത്തതില്‍ മനംനൊന്ത് തീകൊളുത്തി ജീവനൊടുക്കി വീട്ടമ്മ. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ദാരുണ സംഭവം. കിടങ്ങന്നൂര്‍ വല്ലന രാജവിലാസം വീട്ടില്‍ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനിയാണ് മരിച്ചത്.
അമ്പത്തിയാറ് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ കളമശേരിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അയല്‍വാസിയുടെ സഹോദരിയുടെ മരുമകനായ പെരിങ്ങാല സ്വദേശി 3 ലക്ഷം രൂപയും 30 പവന് സ്വര്‍ണവും കടം വാങ്ങിയതായി രജനി എഴുതിവച്ച കുറുപ്പില്‍ പറയുന്നുണ്ട്.
തിരിച്ചുതരാമെന്ന് പറഞ്ഞ തിയ്യതിയില്‍ സ്വര്‍ണ്ണവും പണവും തിരിച്ചു തന്നില്ല, എത്ര ചോദിച്ചിട്ടും ഇതൊന്നും തരാതെ വന്നതോടെ രജനി വിഷമത്തിലായിരുന്നു. അയല്‍വാസിയുടെ കടയ്ക്കു മുന്നിലെത്തി രജനി തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
80 ശതമാനത്തിലധികം പൊള്ളലേറ്റ രജനിയെ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജിയും പഞ്ചായത്തംഗം വില്‍സി ബാബുവും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ജര്‍മനിയില്‍ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ് ത്യാഗരാജന് 3 വര്‍ഷം മുന്‍പാണ് മരിച്ചത്.
ഇതോടെ രജനി മനോവിഷമത്തിലായിരുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആരോമലാണ് രജനിയുടെ മകന്.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Discussion about this post