തിരുവനന്തപുരം: കോൺഗ്രസിന്റെ കേരളത്തിലെ ശക്തരായ നേതാക്കളായിരുന്ന കെ കരുണാകരന്റെയും എകെ ആന്റണിയുടെയും മക്കൾ ബിജെപിയിലേക്ക് പോയതിനെ സംബന്ധിച്ച് പ്രതികരിച്ച് ചാണ്ടി ഉമ്മൻ. കെ കുരണാകരന്റെ മകൾ പത്മജ വേണുഗോപാലും എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും ബിജെപിയിലേക്ക് പോയത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
അവർക്ക് വ്യക്തിപരമായ തീരുമാനം എടുത്തൂടേയെന്നാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിന് മുംബൈയിലെത്തിയ ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. അവർ ബിജെപിയിലേക്ക് പോയതിനെ എങ്ങിനെ കാണുന്നു, വിഷമമില്ലേ എന്ന റിപ്പോർട്ടറുടെ ചോദ്യത്തോടായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകൾ.
‘അവർക്ക് വ്യക്തിപരമായ തീരുമാനം എടുത്തൂടേ? അത് പാർട്ടിയെ ബാധിക്കുന്ന വിഷയമല്ല. അവരുടെ വ്യക്തിപരമായ തീരുമാനം, അവർ മാത്രം പോയി. അതിൽ ഒരു നഷ്ടവും പാർട്ടിക്കുണ്ടായിട്ടില്ല. അതേസമയം മാനസികമായി ഞങ്ങൾക്കെല്ലാവർക്കും ഒരു ബുദ്ധിമുട്ടുണ്ട്.’ -ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, കെ കരുണാകരൻറെ മക്കളെ കോൺഗ്രസിന് വേണ്ടെന്നും അത് സഹോദരനായ കെ മുരളീധരന് വൈകാതെ മനസിലാകുമെന്നുമാണ് പത്മജ വേണുഗോപാൽ കഴിഞ്ഞദിവസം പറഞ്ഞത്. 55-60 വയസ് കഴിഞ്ഞവരാണ് യൂത്ത് കോൺഗ്രസ് യോഗത്തിന് പോകുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം അടച്ചുപൂട്ടേണ്ടി വരുമെന്നും പത്മജ പരിഹസിച്ചിരുന്നു.