ആലുവ: കഴിഞ്ഞദിവസം ആലുവ കമ്പനിപ്പടിയിൽ റോഡിൽ പണം ചിതറുന്നതുകണ്ട് പെറുക്കിയെടുത്ത് പോക്കറ്റിലാക്കി പല വഴിക്ക് പോയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പണം നഷ്ടമായ അഷ്റഫ് സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. അഷ്റഫിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പണമാണ് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ ചിതറിയത്. പണം നഷ്ടമായത് അഷ്റഫ് അറിഞ്ഞതുതന്നെ ഏറെ നേരം കഴിഞ്ഞു.
ഫ്രൂട്ട് കച്ചവടക്കാരനായ കളമശ്ശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പിൽ അഷറഫി(60)ന്റെ കച്ചവടാവശ്യത്തിനായി കരുതിയ പണമാണ് ദേശീയപാതയിൽ നഷഅടമായത്. പണം കിട്ടിയ ചിലർ കനിഞ്ഞതോടെ പതിനായിരം രൂപയോളം ഉടമയ്ക്ക് തിരികെ ലഭിച്ചു. എന്നാൽ റോഡിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രികരുൾപ്പടെയുള്ളവരും ദൂരദേശ യാത്രക്കാരുമെല്ലാം നോട്ടുകൾ പെറുക്കി എടുത്തതിനാൽ തന്നെ ആരേയും കണ്ടെത്തി തിരികെ ചോദിക്കുക എന്നത് സാധ്യമല്ല.
ഇനി പണം ലഭിച്ചവർ ഈ വാർത്ത അറിഞ്ഞ് കനിവുതോന്നി തിരികെനൽകാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അഷറഫ്. അഷറഫും സുഹൃത്ത് നെജീബും ചേർന്നാണ് തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന് സമീപം ഫ്രൂട്ട്സ്കട നടത്തിവരികയാണ്.
വ്യാഴാഴ്ച രാവിലെ ആലുവ മാർക്കറ്റിൽനിന്ന് ഫ്രൂട്ട്സ് വാങ്ങി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടു. പിന്നാലെ സ്കൂട്ടറിലാണ് അഷറഫ് തിരിച്ചത്. ഈ യാത്രയ്ക്കിടെ അഷറഫിന്റെ പാന്റ്സിന്റെ പോക്കറ്റിൽനിന്നും പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച 40,000 രൂപയുടെ അഞ്ഞൂറിന്റെ 80 നോട്ടുകൾ പുറത്തേക്ക് വീഴുകയായിരുന്നു.
പണം ഊർന്നുപോയതോടെ റോഡിൽ ചിതറിത്തെറിച്ചു വീണു. എവിടെ നിന്നാണെന്ന് അറിയാതെ പണം വർഷിക്കുന്നത് കണ്ട പലരും ചെറുതും വലുതുമായ തുകകൾ പെറുക്കിയെടുത്തു. എവിടെനിന്നാണ് പണം വീണതെന്ന് എടുത്തവർക്കാർക്കും മനസ്സിലായില്ല.
പിന്നീട് അഷറഫ് കടയിലെത്തി ഓട്ടോറിക്ഷക്കാരന് വാടകനൽകാനായി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. തിരികെ ആലുവയിലെ കടയിലെത്തി സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ബാക്കി പണം കവറിലാക്കി പോക്കറ്റിൽവെയ്ക്കുന്ന ദൃശ്യം കണ്ടു. ഈ സമയത്ത് പണം നഷ്ടമായത് എങ്ങനെയെന്നറിയാതെ സങ്കടത്തിലിരിക്കെയാണ് റോഡിൽ പണം പറന്ന വിവരം അഷറഫ് അറിയുന്നത്.
ഉടൻ കമ്പനിപ്പടിയിലെത്തി തിരക്കിയപ്പോൾ ഇവിടത്തെ സിഐടിയു അംഗമായ ചുമട്ടുതൊഴിലാളി നൗഷാദിന് 6,500 രൂപ ലഭിച്ചതറിഞ്ഞു. അദ്ദേഹം ഉടൻ പണം കൈമാറി. സമീപത്തെ ലോട്ടറി വില്പനക്കാരൻ തായിക്കാട്ടുകര സ്വദേശി അലിക്ക് കിട്ടിയ 4,500 രൂപ ഇന്ന് നൽകാമെന്നും അറിയിച്ചിട്ടുണ്ട്. 40000 രൂപയിൽ 10000 മാത്രമാണ് ഇതോടെ അഷ്റഫിന് തിരികെ ലഭിച്ചത്. വഴിനീളെ റോഡിൽ പണം കിടപ്പുണ്ടോയെന്ന് നോക്കിയിരുന്നെങ്കിലും ഒന്നും കിട്ടിയില്ല.
Discussion about this post