തേവലക്കര: മദ്യപിക്കാൻ പണം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ അച്ഛനെ മർദിച്ചുകൊലപ്പെടുത്തി മകൻ. ചവറ തേവലക്കര കോയിവിള പാവുമ്പ അജയഭവനത്തിൽ (കുറവരുതെക്കതിൽ) അച്യുതൻ പിള്ള(75)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു അച്യുതൻ പിള്ളയുടെ മകൻ മനോജ്കുമാർ(37) മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മണിലാലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സലീം, രാജേഷ്, സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അച്യുതൻ പിള്ളയെ മനോജ്കുമാർ മുൻപും ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ ഒരു വസ്തു അച്യുതൻ പിള്ള വിറ്റതുമായി ബന്ധപ്പെട്ട പണം മനോജ് ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്ന് മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാരാണ് തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്.
ALSO READ-ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം, എട്ട് പേര്‍ക്ക് പരിക്ക്, നടുക്കം
പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ അച്യുതൻ പിള്ളയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ ചന്ദ്രികാമ്മ. അജയകുമാറാണ് അച്യുതൻ പിള്ളയുടെ മറ്റൊരു മകൻ.