കണ്ണൂർ:കേരള കലോത്സവത്തിലെ കോഴ ആരോപണത്തിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജി നിരപരാധിയാണെന്ന് ആവർത്തിച്ച് കുടുംബം. കണ്ണൂർ സ്വദേശിയായ ഷാജി പൂത്തട്ട കഴിഞ്ഞദിവസമാണ് ജീവനൊടുക്കിയത്. ഈ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് സഹോദരനും അമ്മയും ആരോപിക്കുന്നത്.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മകൻ കരഞ്ഞ് കാലിൽ വീണ് പറഞ്ഞെന്നും തന്നെ ആരോ കുടുക്കിയതാണെന്നും ഷാജി പറഞ്ഞെന്ന് മാതാവ് ലളിത കണ്ണീരോട് പറയുന്നു. ‘മൂന്നുദിവസം ഇതുതന്നെയാ മോൻ പറഞ്ഞത്. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് പാടുകളുണ്ടായിരുന്നു. ചോദിച്ചപ്പോ അടിച്ചിട്ടില്ലാന്നാ പറഞ്ഞത്. മോനെ കുടുക്കിയവർ ആരായാലും നന്നാകൂല. എന്നാലും ഓന് ഇത്രയും മനസ്സിന് കട്ടിയില്ലാതായി പോയാ? കുടുക്കിയതിനെ തരണം ചെയ്തൂടേ. ഓൻ കോഴ വാങ്ങുന്നതാണെങ്കിൽ ഈ പൊര ഇങ്ങനെയായിരുക്കുമോ മക്കളേ ഈ പൊരക്ക് എന്തെങ്കിലും മാറ്റം വരൂലേ.. അല്ലെങ്കിൽ വേറെ എടുക്കൂലേ.’- എന്നാണ് കണ്ണീരോടെ അമ്മ ചോദിക്കുന്നത്.
‘നയിച്ച പൈസ കൊണ്ടാണ് അവൻ എന്തെങ്കിലും ചെയ്തിരുന്നത്. ഓന്റേൽ പൈസയില്ലെങ്കിൽ പെൻഷൻ കിട്ടിയ പൈസേന്ന് എന്നോട് ചോദിക്കും. എനക്കൊന്നും അറീല്ല മക്കളേ.. എന്തെല്ലാന്ന് ഏതെല്ലാന്ന് എന്നൊന്നും എനിക്കറീല.’ -ലളിതയുടെ വാക്കുകൾ മുറിയുന്നു.
അതേസമയം, ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്നാണ് സഹോദരൻ അനിൽകുമാറിന്റെ ആരോപണം. വിവാദങ്ങളിൽ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകർത്തിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു.
കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായിരരുന്നു മാർഗംകളി മത്സരത്തിലെ വിധികർത്താവായ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സദാനന്ദാലയത്തിൽ ഷാജി പൂത്തട്ട. അദ്ദേഹത്തെ ബുധനാഴ്ച വൈകീട്ട് 6.45നാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ മുറിയിൽ കയറിയ ഷാജി വൈകീട്ട് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
ഷാജിയുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. താൻ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെന്നും അർഹതപ്പെട്ടതിന് മാത്രമാണ് മാർക്ക് കൊടുത്തതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മക്ക് അറിയാമെന്നുമാണ് കുറിപ്പിലുള്ളത്.
Discussion about this post