തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായ തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്. പത്മിനി തോമസും തമ്പാനൂര്‍ സതീഷും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനും ഒപ്പമാണ് ഇരുവരും പാര്‍ട്ടി ഓഫീസിലെത്തിയത്.
അടുത്തിടെ കോണ്‍ഗ്രസില്‍ അവഗണന നേരിടുന്നുവെന്ന് കാണിച്ച് തമ്പാനൂര്‍ സതീഷ് പാര്‍ട്ടി വിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സന്തത സഹചാരിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു പത്മിനി തോമസ്. പത്മിനി തോമസിന്റെ മകനും ബിജെപിയില്‍ അംഗത്വമെടുക്കും. ഇവര്‍ക്കു പുറമെ ഡിസിസിയുടെ മുന്‍ ഭാരവാഹികളും ബിജെപി അംഗത്വം സീകരിക്കും.
ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് കെ.സുരേന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നത് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.