കോഴിക്കോട്: പേരാമ്പ്രയിൽ നൊച്ചാട് പ്രദേശത്ത് തോട്ടിൽ 26കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും. വാളൂർ സ്വദേശിയായ അനുവിനെയാണ് തോട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ അർധ നഗ്‌നയായ നിലയിലാണ് അനുവിനെ മരിച്ചനിലയിൽ കണ്ടത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അല്ലിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് അനുവിനെ കാണാതായത്. രാവിലെ എട്ടരയോടെ വാളൂരിലെ സ്വന്തം വീട്ടിൽ നിന്നിറങ്ങിയ അനുവിനെ പിന്നീട് ബന്ധപ്പെടാനായിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, യുവതി മരിച്ച ഈ വെള്ളത്തിൽ മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും നിഗമനം. ഇരു വീടുകളിലും കുടുംബ പ്രശ്‌നങ്ങളൊന്നും യുവതിക്ക് ഇല്ലായിരുന്നുവെന്നും സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു. കൂടാതെ യുവതിയെ കാണാതായപ്പോൾ മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം നാട്ടുകാർ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ആ സമയത്ത് മൃതദേഹം കണ്ടെത്താനുമായിരുന്നില്ല.
മൃതദേഹത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ അനുവിന്റെ പോസ്റ്റുമോർട്ടത്തിൽ മരണകാരണം വ്യക്തമാകുന്നതോടെ ദുരൂഹതകൾ അവസാനിക്കുമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതീക്ഷ.
ALSO READ- കാഴ്ചാ പരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് അനു സ്വന്തം വീട്ടിലേക്ക് വന്നത്. തുടർന്ന് ഭർത്താവിനെ ആശുപത്രിയിൽ കാണിക്കാനായി സ്വന്തം വീട്ടിൽ നിന്നും ഭർതൃവീട്ടിലേക്ക് തിരിച്ച യുവതിയെ കാണാതാവുകയിരുന്നു. ഇതോടെ കുടുംബാംഗങ്ങൾ പേരാമ്പ്ര പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ഒരു വർഷം മുൻപായിരുന്നു അനുവിന്റെ വിവാഹം. ഭർത്താവ് കോവിഡാനന്തര രോഗങ്ങളെ തുടർന്ന് മൂന്ന് മാസമായി രോഗിയാണ്. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് ം വാളൂരിലെ സ്വന്തം വീട്ടിലേക്ക് അനു എത്തിയത്.
Discussion about this post