തിരുവനന്തപുരം: തെരുവ് നായയുടെ ആക്രമണത്തില്‍ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ഗുരുതര പരുക്ക്. മുക്കോലക്കല്‍ മരങ്ങാട്ടൂ ഷിജു ഭവനില്‍ സൗമ്യ-ഷിജു ദമ്പതികളുടെ മകള്‍ ക്രിസ്റ്റീനയെയാണ് നായ കടിച്ചത്. തിരുവനന്തപുരം ഉഴമലയ്ക്കലിലാണ് സംഭവം നടന്നത്.
ശരീരമാസകലം കടിയേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളിപ്പിക്കാനായി വീടിന്റെ വരാന്തയില്‍ കിടത്തിയശേഷം അമ്മ അകത്തേക്കു പോയ സമയത്താണ് കുട്ടി നായയുടെ ആക്രമണത്തിന് ഇരയായത്.
അതേസമയം കണ്ണൂര്‍ താഴെചൊവ്വയില്‍ തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. രാവിലെ താഴെചൊവ്വ തങ്കേക്കുന്ന് റോഡില്‍ വച്ചാണ് സംഭവം. റോഡരുകിലെ പറമ്പില്‍ നിന്നും ഓടിവന്ന തെരുവുനായ മൂവരെയും കടിക്കുകയായിരുന്നു. സ്കൂളിലേക്ക് പോകാന്‍ സൈക്കിളില്‍ കാറ്റുനിറയ്ക്കുന്നതിനിടയാണ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റത്. കൈക്കും കാലിനും കടിയേറ്റ മൂന്നുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
Discussion about this post