നീലേശ്വരം: കാഞ്ഞങ്ങാട് ആശുപത്രിയിലെ ആംബുലൻസ് അപകടത്തിൽപ്പെട്ട് ആംബുലൻസിലുണ്ടായിരുന്ന വിഷം ഉള്ളിൽച്ചെന്ന യുവാവിനും സ്റ്റാഫ് നഴ്‌സിനും സാരമായി പരിക്കേറ്റു. ഗുരുതര നിലയിലായ യുവാവിനെയും കൊണ്ട് പരിയാരത്തെ ഗവ.മെഡിക്കൽ കോളജിലേക്കു പോകുകയായിരുന്ന 108 ആംബുലൻസാണ് ദേശീയപാതയിലെ പടന്നക്കാട് മേൽപ്പാലത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നു പുറപ്പെട്ട വാഹനമാണ് പടന്നക്കാട് മേൽപ്പാലത്തിലേക്കു കയറവെ കൃഷ്ണപിള്ള നഗർ ബസ് സ്റ്റോപ്പിനു സമീപം ചരക്കുലോറിയുമായി കൂട്ടിയിടിച്ചത്. വിഷം ഉള്ളിൽ ചെന്ന യുവാവിന് തുടർച്ചയായി ഛർദിയുണ്ടായിരുന്നതിനാൽ സ്ട്രച്ചറിന്റെ ബെൽറ്റ് ഇട്ടിരുന്നില്ല.
ഇതിനാൽ ഇടിയുടെ ആഘാതത്തിൽ സ്ട്രച്ചറിനു സമീപത്തെ സീറ്റിന്റെ കമ്പിയിൽ തല ശക്തിയായി ഇടിക്കുകയായിരുന്നു. സ്റ്റാഫ് നഴ്‌സിനു പല്ല് കമ്പിയിലിടിച്ചാണ് പരുക്കേറ്റത്.
ALSO READ- റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിനടിയില്‍പ്പെട്ടു, വയോധികയ്ക്ക് ദാരുണാന്ത്യം
അതേസമയം, ആംബുലൻസ് ഡ്രൈവർക്കും ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരുക്കില്ല. മറ്റൊരു 108 ആംബുലൻസ് വന്ന ശേഷം ഇവരെ ജില്ലാ ആശുപത്രിയിലേക്കു തന്നെ കൊണ്ടുപോയി പ്രഥമശുശ്രൂഷ നൽകി യുവാവിന്റെ തലയിലെ മുറിവ് തുന്നിക്കെട്ടിയാണ് പിന്നീട് പരിയാരത്തേക്കു കൊണ്ടുപോയത്.