മലപ്പുറം: തിയേറ്ററില്‍ സിനിമയുടെ ആദ്യഭാഗം കാണാന്‍ അവസരം നിഷേധിച്ചതിന് തിയേറ്ററുടമ 50,000 രൂപ പിഴയടയ്ക്കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. പെരിന്തല്‍മണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരേ പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ ശരത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖില്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് കമ്മിഷന്‍ വിധി.
2023 എപ്രില്‍ 30-ന് ‘പൊന്നിയന്‍ സെല്‍വന്‍ 2’ പ്രദര്‍ശനം കാണുന്നതിന് വൈകീട്ട് 6.45-ന് പരാതിക്കാര്‍ തിയേറ്ററിലെത്തി. എന്നാല്‍ ഏഴിന് സിനിമ ആരംഭിക്കുമെന്ന് അറിയിച്ച സമയത്തും തിയേറ്ററില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. 10 മിനിറ്റ് കഴിഞ്ഞാണ് പ്രവേശനം അനുവദിച്ചത്. തിയേറ്റര്‍ വൃത്തിയാക്കുകയാണെന്നാണ് അറിയിച്ചത്. എന്നാല്‍ ഏഴിനു തന്നെ തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു. പ്രതിഷേധം പ്രകടിപ്പിച്ചവരോട് തിയേറ്റര്‍ അധികൃതര്‍ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി പരാതിക്കാര്‍ ബോധിപ്പിച്ചു.
സാധാരണ രാവിലെ 10, ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് നാല്, ഏഴ്, രാത്രി 10 എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം ഉണ്ടാകാറ്. എല്ലാ സിനിമകളും രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണെന്നും ‘പൊന്നിയന്‍ സെല്‍വന്‍ 2’ എന്ന സിനിമ 2.55 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണെന്നും അതിനുശേഷം വൃത്തിയാക്കാനെടുത്തത് രണ്ടു മിനിറ്റ് സമയം മാത്രമാണെന്നും മഴ കാരണം പരാതിക്കാര്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത പ്രേക്ഷകര്‍ വൈകി എത്തുകയാണ് ഉണ്ടായതെന്നും തീയേറ്ററുകാര്‍ ബോധിപ്പിച്ചു. സിനിമയുടെ ദൈര്‍ഘ്യം കൂടുതലാണെന്ന കാരണത്താല്‍ പ്രേക്ഷകന് സിനിമ പൂര്‍ണമായി കാണാന്‍ അവസരം നിഷേധിച്ച നടപടി സേവനത്തില്‍ വന്ന വീഴ്ചയാണെന്ന് കമ്മിഷന്‍ വിധിച്ചു. വീഴ്ച വരുത്തിയതിനാല്‍ പരാതിക്കാരായ അഞ്ചുപേര്‍ക്കുമായി 50,000 രൂപ നഷ്ടപരിഹാരം നല്‍കണം.
കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാത്തപക്ഷം ഒന്‍പത് ശതമാനം പലിശയും നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവില്‍ പറഞ്ഞു.