തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവെയ്ക്കാൻ വിസി ഉത്തരവിട്ടതിനെ സ്വാഗതം ചെയ്ത് കെഎസ്‌യു. കലോത്സവത്തിനിടെ പരാതികളും പ്രതിഷേധവും തുടർസംഭവങ്ങളായതോടെയാണ് കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാൻ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ നിർദേശിച്ചത്. .
ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനങ്ങളോ പാടില്ലെന്നാണ് വിസിയുടെ നിർദേശം. തിങ്കളാഴ്ച അവസാനിക്കാനിരുന്ന കലോത്സവത്തിൽ നിരവധി മത്സരങ്ങൾ ബാക്കി നിൽക്കെയാണ് വിസിയുടെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങുമെന്ന് വിസി വ്യക്തമാക്കി.
കലോത്സവത്തിന്റെ സമാപന ചടങ്ങുകൾ ഉപേക്ഷിക്കാനും വിസി നിർദേശിച്ചിട്ടുണ്ട്. ഇനി ഒരു മത്സരവും ഉണ്ടാകില്ല. ഇതുവരെയുള്ള മത്സരങ്ങളുടെ ഫലങ്ങളും പ്രഖ്യാപിക്കില്ലെന്നാണ് വിവരം.
തുടക്കം മുതൽ കോഴ, ഒത്തുകളി തുടങ്ങിയ ആരോപണങ്ങളാൽ വിവാദത്തിലായ സർവകലാശാല കലോത്സവത്തിനിടെ വിദ്യാർഥി സംഘർഷം കൂടിയായതോടെയാണ് വിസി ഇടപെട്ടത്.
ALSO READ- മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം: വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് പരാതി
വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിസിയുടെ വിശദീകരണം. അതേസമയം, കലോത്സവം നിർത്തിവെക്കാനുള്ള നിർദേശത്തിനെതിരേ പല വിദ്യാർഥികളും പ്രതിഷേധിക്കുന്നുണ്ട്.