കണ്ണൂര്‍: തലശ്ശേരി-മാഹി ബൈപ്പാസ് റോഡ് ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായും മന്ത്രി മുഹമ്മദ് റിയാസും സ്പീക്കര്‍ എഎന്‍ ഷംസീറും ഉദ്ഘാടന വേദിയിലെ ചടങ്ങിലും പങ്കെടുക്കും.
തലശ്ശേരി ചോനാടത്താണ് ഉദ്ഘാടന വേദി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ബൈപ്പാസിലൂടെ ബിജെപി റോഡ് ഷോ നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കണ്ണൂരിലെ സ്ഥാനാര്‍ത്ഥി സി രഘുനാഥ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
45 മീറ്റര്‍ വീതിയില്‍ 18.6 കിലോമീറ്റര്‍ നീളത്തില്‍ 1500 കോടി രൂപ ചെലവഴിച്ചാണ് ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് അഴിയൂര്‍ മുതല്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്. 20 മിനിറ്റുകൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യാം. നിലവിലെടുക്കുന്ന സമയത്തിന്റെ പകുതിയില്‍ താഴെ മാത്രമാണിത്. യാത്രക്കാരെ വലക്കുന്ന ഗതാഗത കുരുക്കിനും പരിഹാരമാകും.
47 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത്. 1977ല്‍ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2018ലാണ് തുടങ്ങിയത്. 2021ലാണ് പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രളയം, കൊവിഡ് തുടങ്ങിയവ നിര്‍മ്മാണം നീണ്ടു പോകാന്‍ കാരണമായി.
തലശ്ശേരി-മാഹി ബൈപ്പാസ് യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ ഇങ്ങനെയാണ്, കാര്‍, ജീപ്പ് ഉള്‍പ്പടെ ചെറിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപയാണ് നിരക്ക്. ഇരുവശത്തേക്ക് 100 രൂപ. ബസുകള്‍ 105 രൂപ, ഇരുവശത്തേക്കും 160 രൂപ. രണ്ട് ആക്സില്‍ വാഹനങ്ങള്‍ 224, മൂന്ന് ആക്സില്‍ വാഹനങ്ങള്‍ 245, ഏഴ് ആക്സില്‍ വാഹനങ്ങള്‍ 425 എന്നിങ്ങനെയാണ് ഒരു വശത്തേക്ക് ടോള്‍ നിരക്ക്.