കട്ടപ്പന: ഏറെ ചർച്ചയായ കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പൊളിച്ച് പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛൻ വിജയന്റെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു. പ്രതി നിതീഷുമായുള്ള തെളിവെടുപ്പിൽ വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും പോലീസ് കണ്ടെടുത്തിരുന്നു. ഫോറൻസിക് സർജന്റെ നേതൃത്വത്തിലാണ് തറ കുഴിച്ച് മൃതദേഹം പുറത്തെടുത്തത്.
കക്കാട്ടുകടയിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് സംഘം കൊല്ലപ്പെടുത്തിയ നവജാത ശിശുവിനെ കുഴിച്ചിട്ടുവെന്ന് കരുതുന്ന സാഗര ജങ്ഷനിലെ വീട്ടിലേക്ക് പ്രതിയുമായി തെളിവെടുപ്പിന് തിരിച്ചു.
കട്ടപ്പനയിൽ മോഷണത്തിനിടെ പിടിയിലായ പ്രതികൾ മുൻപ് ഇരട്ടക്കൊലപാതകം നടത്തിയെന്ന് ചോദ്യം ചെയ്യലിലാണ് പോലീസ് കണ്ടെത്തിയത്. നവജാതശിശുവിനെയും പ്രായമായ ആളെയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളും ദുർമന്ത്രവാദിയുമായി പുത്തൻപുരയ്ക്കൽ നിതീഷാണ് (രാജേഷ്-31) കുറ്റസമ്മതം നടത്തിയത്. ഇതോടെ സംഭവം നരബലി ആണോ എന്ന സംശയവും ഉയർന്നു.
മറ്റൊരു പ്രതിയായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു(29)വിന്റെ അച്ഛൻ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയത്.പ്രതിയായ വിഷ്ണുവിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ, അയാളുടെ സഹോദരിയോട് അച്ഛനെവിടെയെന്ന് ചോദിച്ചിരുന്നു. ഇതിന്, കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടർന്ന് പ്രതികളെ ചോദ്യംചെയ്തപ്പോഴും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. പോലീസ് രഹസ്യാന്വേഷണവിഭാഗം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിജയനെ കഴിഞ്ഞ ഓണംമുതൽ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളിൽ ചിലർ പറഞ്ഞു.
ALSO READ- പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മാർട്ട് 15ന് പാലക്കാട് റോഡ് ഷോ നടത്തും
2023 ഓഗസ്റ്റിലാണ് കാഞ്ചിയാർ കക്കാട്ടുകടയിൽ വച്ച് വിജയനെ വീട്ടിലെ ഹാളിൽവെച്ച് തള്ളി നിലത്തിട്ടശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കൃത്യത്തിന് ശേഷം വിജയന്റെ ഭാര്യ സുമയുടെയും മകൻ വിഷ്ണുവിന്റെയും സഹായത്തോടെ മുറിയുടെ തറ തുരന്ന് മൃതദേഹം കുഴിച്ചുമൂടിയെന്നാണ് നിതീഷിന്റെ മൊഴി.
2016 ജൂലായിലാണ് വിഷ്ണുവിന്റെ സഹോദരിയും നിതീഷും തമ്മിലുള്ള ബന്ധത്തിൽ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയത്. ദുരഭിമാനത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസിന് ലഭിച്ചവിവരം. നിതീഷും വിഷ്ണുവും കൊല്ലപ്പെട്ട വിജയനും ചേർന്ന് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ നിതീഷ് ഒന്നാംപ്രതിയും വിജയനും വിഷ്ണുവും രണ്ടും മൂന്നും പ്രതികളാണ്.
Discussion about this post