ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിൽ കുറ്റം സമ്മതിച്ച് പ്രതികൾ. പ്രധാനപ്രതി പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) നെതിരെ ഇരട്ട കൊലപാതകത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എൻജി വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി.
കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിയ്ക്കൽ വിഷ്ണു വിജയൻ(29), സുഹൃത്തും ദുർമന്ത്രവാദിയുമായ പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ നവജാത ശിശുവിനെയും വിഷ്ണുവിന്റെ പിതാവിനേയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് കേസ്.കട്ടപ്പന നഗരത്തിൽ അടുത്തിടെ നടന്ന മോഷണക്കേസിനിടെ പിടിയിലായ ഇരുവരേയും ചോദ്യം ചെയ്യുന്നതിനിടെയാണ് കൊലപാതക സൂചനകൾ ലഭിച്ചത്.
കട്ടപ്പന കോടതിയിൽ ഹാജരാക്കിയ നിതീഷിനെ ഞായറാഴ്ച 1.30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഉത്തരവ് കേട്ട് തളർന്നുവീണ പ്രതിയെ പോലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയാണ് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ചോദ്യംചെയ്യൽ ആരംഭിച്ചത്.
തുടർന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. ഏതാനും വർഷങ്ങൾക്ക് മുൻപ് വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷിൽ ഉണ്ടായ പെൺകുഞ്ഞിനെ കൊന്ന് സാഗര ജങ്ഷനിലുള്ള വീട്ടിൽ കുഴിച്ചിട്ടെന്നതാണ് ആദ്യ സംഭവം. പിന്നീട് സാഗര ജങ്ഷനിലെ വീട് വിറ്റ വിഷ്ണു കാഞ്ചിയാർ കക്കാട്ടുകടയിൽ മറ്റൊരു വീട് വാടകയ്‌ക്കെടുത്തു.
ഇവിടെവെച്ചാണ് വിഷ്ണുവിന്റെ അച്ഛൻ വിജയനെ മാസങ്ങൾക്ക് മുൻപ് കൊലപ്പെടുത്തിയത്. വീടിന്റെ തറകുഴിച്ച് മൃതദേഹം മൂടിയ ശേഷം കോൺക്രീറ്റ് ചെയ്‌തെന്നാണ് പോലീസിന് ലഭിച്ച വിവരം. നഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണം നടത്തുന്നതിനിടെയാണ് വിഷ്ണുവും നിധീഷും പിടിയിലായത്.
കൊലപാതക സൂചന ലഭിച്ചതോടെ വിഷ്ണുവിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. വിഷ്ണുവിന്റെ അമ്മയും സഹോദരിയും നൽകിയ മൊഴിയും കൊലപാചകം സാധൂകരിക്കുന്നതാണ്. തുടർന്ന് കഴിഞ്ഞ ദിവസം വീടിന്റെ ഉടമയെ വിളിച്ചുവരുത്തിയ പോലീസ്, ഇവരുടെ സഹോയത്തോടെ നടത്തിയ തിരച്ചിലിലും നിർണായകമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കാഞ്ചിയാർ കക്കാട്ടുകടയിലെ വീടിന്റെ തറ കുഴിച്ച് പരിശോധന നടത്താനാണ് പോലീസ് നീക്കം. അതേസമയം, കൂടുതൽ ചോദ്യംചെയ്യലിലും അന്വേഷണത്തിനും ശേഷം മാത്രമേ നരബലിയെ സംബന്ധിച്ചും കൂടുതൽ പ്രതികളെ കുറിച്ചും വ്യക്തത ലഭിക്കൂ.