ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ നിർദേശിച്ചെന്ന റിപ്പോർട്ടുകൾ തള്ളി മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവിങ് ടെസ്റ്റ് നിയന്ത്രണത്തിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ കുഴക്കി മന്ത്രിയുടെ വാക്കുകൾ.
‘അങ്ങനെ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും രേഖയുണ്ടോ’? എന്നുമായിരുന്നു സംഭവത്തിൽ മന്ത്രി ചോദ്യം ചെയ്തത്. അതേസമയം, അപ്രതീക്ഷിതമായി ടെസ്റ്റുകളുടെ എണ്ണം കുറച്ചതിനെ മന്ത്രി തള്ളിപ്പറഞ്ഞില്ല. ഉദ്യോഗസ്ഥർ പരീക്ഷണം നടത്തി നോക്കിയതാകും. അവരെ തെറ്റുപറയേണ്ടതില്ലെന്നാണ് മന്ത്രി പറഞ്ഞത്. പിന്നീട്, ഉന്നതതല യോഗത്തിലെ വിവരങ്ങൾ പുറത്ത് ചോർത്തിനൽകിയ ഉദ്യോഗസ്ഥരെ ഉടൻതന്നെ സസ്പെൻഡ് ചെയ്യുമെന്നും ചാരന്മാരെ കണ്ടെത്താൻ സൈബർ അന്വേഷണം നടത്തുമെന്നും വിശദീകരിച്ചു.
ഇതിനിടെ, ആരുടെ നിർദേശപ്രകാരമാണ് ടെസ്റ്റുകളുടെ എണ്ണം പെട്ടെന്ന് കുറച്ചതെന്ന കാര്യത്തിൽ മന്ത്രിയുടെ ഓഫീസോ ഗതാഗതവകുപ്പോ വിശദീകരണം നൽകിയിട്ടില്ല. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ മുതൽ ജോയിന്റ് ആർടിഒമാർ വരെ പങ്കെടുത്ത യോഗത്തിൽ മന്ത്രി നൽകിയ നിർദേശമാണ് നടപ്പാക്കിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Discussion about this post