എകെ ആന്റണിയുടെ മകനും രാഷ്ട്രീയത്തില്‍; കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമനം

നിലവില്‍ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന നവൂതന്‍ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റാണ് അനില്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ എകെ ആന്റണി രാഷ്ട്രീയത്തിലേക്ക്. വരുന്ന പൊതുതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായിട്ടുള്ള സംസ്ഥാനത്തെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറാക്കി അനിലിനെ നിയിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിലും മറ്റ് നിയമസഭാ തെരഞ്ഞെടുപ്പിലും അനിലിന്റെ നേതൃത്വത്തില്‍ നടന്ന നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്ന് വിലയിരുത്തിക്കൊണ്ടാണ് നടപടി. ഇതാണ് നിയമനത്തിന് കാരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.

നിലവില്‍ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന നവൂതന്‍ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റാണ് അനില്‍. തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജിലെ പഠനത്തിനു ശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ ബിരുദവും അനില്‍ നേടിയിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി നവമാധ്യമങ്ങളില്‍ നടത്തിയ പ്രചാരണമാണ് അനില്‍ ആന്റണിയെ ശ്രദ്ധേയനാക്കിയത്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലുമായി ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്.

ഗുജറാത്തിനു പിന്നാലെ കര്‍ണാടകത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിലും,രാജസ്ഥാന്‍ തെരഞ്ഞെടുപ്പിലും ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല കോണ്‍ഗ്രസ് നേതൃത്വം അനില്‍ ആന്റണിയേയും ഫൈസല്‍ പട്ടേലിനെയും ഏല്‍പ്പിച്ചിരുന്നു

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ ശശി തരൂരിന് കീഴിലായിരിക്കും അനില്‍ പ്രവര്‍ത്തിക്കുക. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഉടനെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പെരുമാറ്റച്ചട്ടം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Exit mobile version