ഷില്ലോങ് : മേഘാലയയിലെ ഹോട്ടൽമുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആസമിലെ ഗുവാഹാട്ടിയിൽ താമസക്കാരനായ സിജോ ജോസഫി(47)നെയാണ് ഷില്ലോങ് പോലീസ് ബസാറിലെ ‘അസംബ്ലി’ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം മലയാളിയാണെന്ന പോലീസിന്റെ സംശയത്തെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കണ്ടെത്താനായില്ല.
ഷില്ലോങിലെ ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ പുറത്തുകാണാത്തതിനാൽ ജീവനക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ യുവാവ് കട്ടിലിൽ മരിച്ചനിലയിലായിരുന്നു. അമിതമായ അളവിൽ മരുന്ന് കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽനിന്ന് മരുന്ന് കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.
എന്നാൽ യുവാവിന്റെ ബന്ധുക്കളെ കണ്ടെത്താനാകാത്തത് പോലീസിന്റെ തുടർ നടപടികളെ ബാധിക്കുന്നുണ്ട്. ഇയാളുടെ ആധാർകാർഡിലെ അഡ്രസ് ഗുവാഹാട്ടിയിലെ ഒരു വീടിന്റേതാണ്. ഇവിടെ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.
യുവാവ് മലയാളിയാണെന്ന സംശയത്തെത്തുടർന്ന് ബന്ധുക്കളെ കണ്ടെത്താനായി ഷില്ലോങിലെ മലയാളി അസോസിയേഷന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. ഗുവാഹാട്ടി വിലാസത്തിൽ അന്വേഷണം നടത്തിയപ്പോൾ വീട്ടിൽ ഒരു വളർത്തുനായയെ മാത്രമാണ് കണ്ടതെന്ന് ഷില്ലോങ്ങിലെ മലയാളി അസോസിയേഷൻ ഭാരവാഹിയായ പ്രദീപ് പിള്ള പറഞ്ഞതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
പോലീസ് ഗുവാഹാട്ടിയിലെ മലയാളി അസോസിയേഷനുമായി ചേർന്ന് അന്വേഷണം നടത്തിയിരുന്നു. പക്ഷേ, ഇങ്ങനെ ഒരാളെ അവിടെ ആർക്കും പരിചയമുണ്ടായിരുന്നില്ല. പള്ളി അധികൃതരോട് തിരക്കിയിട്ടും വിവരമൊന്നും ലഭിച്ചില്ലെന്ന് പ്രദീപ് പിള്ള പറഞ്ഞു.