തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനൊരുങ്ങുന്ന പദ്മജ വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോള്‍ കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്. തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ എന്ന് രാഹുല്‍ ചോദിച്ചു. കെ കരുണാകരന്‍ എന്ത് പാതകം ആണ് പത്മജയോട് ചെയ്തത്, പത്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാന്‍ പോകുന്നത് ആകെ ഒരുവോട്ട് മാത്രമായിരിക്കുമെന്നും രാഹുല്‍
പറഞ്ഞു.
പദ്മജ വിമര്‍ശിച്ച് സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ എംപിയും രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ട്ടി പത്മജയ്ക്ക് നല്‍കിയത് മുന്തിയ പരിഗണനയാണ്. പത്മജയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും മുരളീധരന്‍ പറഞ്ഞു.
പത്മജയെ എടുത്തതുകൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. ‘കെ കരുണാകരനെ ചിതയിലേക്ക് എടുത്തപ്പോള്‍ പുതപ്പിച്ച ത്രിവര്‍ണ പതാക ഞങ്ങള്‍ക്കുള്ളതാണ്’. കഷ്ടപ്പാട് അനുഭവിക്കാത്ത മക്കള്‍ക്ക് ഇത്തരം ദുഷ്ടബുദ്ധി തോന്നാം. വര്‍ക്ക് അറ്റ് ഹോം നടത്തുന്ന നേതാക്കള്‍ക്ക് ഇത്രയും സ്ഥാനം കൊടുത്താല്‍ പോരേയെന്ന് മുരളീധരന്‍ ചോദിച്ചു.