തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണം പിന്‍വലിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രതിദിനം ഒരു കേന്ദ്രത്തില്‍ 50പേരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശമാണ് മന്ത്രി പിന്‍വലിച്ചത്.
ഇന്നുമുതലായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം പിന്‍വലിച്ചത്.
ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവര്‍ക്കെല്ലാം ടെസ്റ്റ് നടത്താനും ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. ടെസ്റ്റിനായി ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ എത്തിയവരോട് 50 പേര്‍ക്ക് മാത്രമേ ടെസ്റ്റ് നടത്തുകയുള്ളൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
ഇത് വന്‍ പ്രതിഷേധത്തിലാണ് കലാശിച്ചത്. നിയന്ത്രണം നടപ്പാക്കിയാല്‍ ഇന്ന് സ്ലോട്ട് കിട്ടിയ പലര്‍ക്കും മടങ്ങിപ്പോകേണ്ടി വരുമെന്നുള്ളതിനാല്‍ വിവിധ കേന്ദ്രങ്ങളില്‍ ഇവര്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ഇടപെടല്‍.
Discussion about this post