മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതെ പാലക്കാട്ടെ സ്‌കൂൾ; 100 ശതമാനം വിജയം വരുത്തി തീർക്കാനെന്ന് വിമർശിച്ച് മന്ത്രി

പാലക്കാട്: പൊതുപരീക്ഷ എഴുതിക്കാതെ പ്ലസ്ടു വിദ്യാർത്ഥിയെ പാലക്കാട്ടെ സ്‌കൂൾ തിരികെ അയച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പരീക്ഷ എഴുതാൻ അനുവദിക്കാത്ത നടപടി തെറ്റാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളെ പ്രിൻസിപ്പാലിന് പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷാ കാര്യങ്ങളിൽ ഇടപെടാനും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘മോഡൽ പരീക്ഷയിൽ കുട്ടിക്ക് ചില വിഷയങ്ങളിൽ മാർക്ക് കുറവായിരുന്നു. അതിനാൽ നൂറ് ശതമാനം വിജയം നേടണമെങ്കിൽ പരീക്ഷ എഴുതാതിരിക്കണം. എന്നാൽ പ്രിൻസിപ്പലിന് ഹാൾടിക്കറ്റ് കൊടുക്കാതിരിക്കാനും മാറ്റിനിർത്താനും പരീക്ഷാ കാര്യങ്ങളിൽ ഇടപെടാനും അവകാശമില്ല’-എന്നാണ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്.

കൂടാതെ, പരീക്ഷ എഴുതാനാകാതെ പോയ കുട്ടിക്ക് സേ പരീക്ഷ എഴുതുന്നതിനുള്ള അവസരം പൊതുവിദ്യാഭ്യാസവകുപ്പ് ഒരുക്കിക്കൊടുക്കും. പല വിദ്യാലയങ്ങളിലും നൂറ് ശതമാനം വിജയമുണ്ടെന്ന് വരുത്തിത്തീർക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അതിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

ALSO READ- ‘മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ’, നടൻ ശരത് കുമാറും രാഷ്ട്രീയ പാർട്ടിയും ബിജെപിയിൽ; സ്വാഗതം ചെയ്ത് അണ്ണാമലൈ

ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള, ഒലവക്കോട് റെയിൽവേ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ എസ് സഞ്ജയിനെയാണ് മാർച്ച് ഒന്നിനുനടന്ന ഫിസിക്സ് പരീക്ഷയെഴുതാൻ അനുവദിക്കാതിരുന്നത്. മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതുകാരണം ഹാളിൽ കയറ്റാതെ സ്‌കൂൾ അധികൃതർ തിരിച്ചയയ്ക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് കല്പാത്തി വലിയപാടം വിഎസ് സുനിൽകുമാറാണ് പരാതി നൽകിയത്.

മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉൾപ്പെടെയുള്ളവർക്ക് സുനിൽകുമാർ പരാതി നൽകിയിരുന്നു. എന്നാൽ, ബാക്കി വിഷയങ്ങൾ കുട്ടി നന്നായി പഠിക്കാനാണ് ഈ പരീക്ഷ എഴുതിക്കാതിരുന്നതെന്ന വിചിത്ര വാദമാണ് പ്രിൻസിപ്പാൽ ഉയർത്തിയത്.

Exit mobile version