തൃശൂര്‍: തൃശ്ശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ വയോധികയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും.
അതിരപ്പിള്ളി വാച്ചുമരം കോളനിയിലെ ആദിവാസി മൂപ്പന് രാജന്റെ ഭാര്യ വത്സലയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കാട്ടിനുള്ളില്‍ വെച്ച് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. കൊല്ലത്തിരുമേട് സ്റ്റേഷന് കീഴിലുള്ള നീളപ്പാറ വനമേഖലയില്‍ വച്ച് ഇവരെ കാട്ടാന ആക്രമിച്ചത്.
മരോട്ടിക്കായ പെറുക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടശേഷം വത്സയെ ചവിട്ടിക്കൊല്ലുകയായിരുന്നു. രാജനും സംഭവസമയത്ത് വത്സലക്കൊപ്പമുണ്ടായിരുന്നു. കാട്ടില്‍ നിന്ന് പുറത്തെത്തിയ രാജന് വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തിയാണ് വത്സയുടെ മൃതദേഹം പുറത്തെത്തിച്ചത്.
വത്സയുടെ സംസ്കാരച്ചടങ്ങുകള്‍ വനസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കും. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം വാഴച്ചാല്‍ ഡിഎഫ്ഒ ആദ്യഗഡു ധനസഹായം അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും.
Discussion about this post