തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസ പ്രകടനം നടത്തിയ യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാമ്പിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരും പോലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടിരുന്നു. ഇന്നര്‍ റോഡില്‍ നിന്ന് നാരായണാലയം ഭാഗത്തേക്കു ഇഴഞ്ഞു നീങ്ങിയ പാമ്പിനെ അനില്‍കുമാര്‍ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു.
പോലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്നു പാമ്പിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി സാഹസം കാണിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഇയാള്‍ ഉടനെ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു. ശേഷം തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു.
പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ആറടിയോളം നീളമുള്ള മൂര്‍ഖനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.
Discussion about this post