തിരുവനന്തപുരം: കെഎസ്‌യു നേതാക്കൾക്ക് എതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. പൂക്കോട് വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
സിദ്ധാർത്ഥിനെ കൊന്നത് എസ്എഫ്‌ഐ എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്‌ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നേതാക്കളുടെ മാർച്ച്.
സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തിരുവനന്തപുരത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റിന് മുന്നിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി എന്നിവരാണ് അനിശ്ചിതകാല നിരാഹാര സമരം തുടരുന്നത്.