തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുത് എന്ന് വൈസ് ചാൻസിലർ. അധിനിവേശങ്ങൾക്കെതിരേ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായി ‘ഇൻതിഫാദ’ എന്ന പേരാണ് കലോത്സവത്തിന് നൽകിയിരുന്നത്. എന്നാൽ ഈ പേര് ഒഴിവാക്കണമെന്നും പോസ്റ്ററുകളിലോ ബാനറുകളിലോ സോഷ്യൽമീഡിയ പോസ്റ്റുകളിലോ ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്ന് വൈസ് ചാൻസലർ ഔദ്യോഗികമായി ഉത്തരവിറക്കി. രജിസ്ട്രാർ മുഖേനയാണ് ഉത്തരവ് പുറത്തിറക്കിയത്.
നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് വിസി റജിസ്ട്രാറോട് നേരിട്ട് വിശദീകരണം തേടിയിരുന്നു. റജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറോടും കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനോടും വിശദീകരണം തേടി. തുടർന്നാണ് കലോൽസവത്തിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നും ‘ഇൻതിഫാദ’ എന്ന പേര് ഒഴിവാക്കണമെന്ന് വിസി ഉത്തരവിറക്കിയിരിക്കുന്നത്.
ഭീകരസംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ വിസി ഡോ. മോഹനൻ കുന്നുമ്മലിന് പരാതി നൽകിയിരുന്നത്. പിന്നാലെ, വിവാദത്തിൽ അന്വേഷണം നടത്താൻ വിസി രജിസ്ട്രാർക്കു നിർദേശം നൽകുകയും ചെയ്തിരുന്നു.
അതേസമയം, ‘ഉയർന്നുവരുന്ന പ്രതിരോധം’ എന്നുമാത്രമാണ് ഇൻതിഫാദ എന്ന വാക്കിന്റെ അർഥമെന്നും സർഗാത്മകമായി യൂണിവേഴ്‌സിറ്റി യൂണിയൻ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സർവകലാശാല ഇടപെടാറില്ലെന്നുമാണ് ഇതുസംബന്ധിച്ച സ്റ്റുഡന്റ് സർവീസ് ഡയറക്ടറോടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
എന്നാൽ പിന്നീട് ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെയാണ് വിസി പേര് വിലക്കി ഉത്തരവിറക്കിയിരിക്കുന്നത്. ഹമാസ് ഇസ്രായേൽ യുദ്ധവുമായി ബന്ധമുള്ള ഈ പദം കലോത്സവത്തിന് പേരായി നൽകരുതെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹർജിയിൽ ഗവർണർ, കേരള സർവ്വകലാശാല വൈസ് ചാൻസലർ, കേരള യൂണിവേഴ്സിറ്റി യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.