അടിമാലി: ഇന്ന് രാവിലെ ഏഴു മണിയോടെ കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ പുരയിടത്തിലെത്തിയത് മൂന്ന് കാട്ടാനകളെന്ന് വിവരം. പുരയിടത്തിന് സമീപത്ത് മൂന്ന് കാട്ടാനകൾ രാവിലെ മുതൽ നിലയുറപ്പിച്ചിരുന്നു. ഇവരെ കണ്ട് ഓടാനാഞ്ഞപ്പോഴാണ് വയോധികയായ ഇന്ദിരയ്ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്.
ഇന്ദിരയ്ക്ക് നേരെ തിരിഞ്ഞ കാട്ടാന ആക്രമണം നടത്തുകയായിരുന്നു. കാലിന് പ്രശ്‌നങ്ങളുള്ള ഇന്ദിരയ്ക്ക് പെട്ടെന്ന് ഓടി രക്ഷപ്പെടാനും സാധിച്ചില്ല. വടി കുത്തിയാണ് ഇവർ നടന്നിരുന്നതെന്ന് അയൽവാസിയും സുഹൃത്തുമായ സൂസൻ പറയുന്നു.
കൂവ പറിക്കുന്ന സ്ഥലത്തേക്ക് വെള്ളവുമായി വന്നതായിരുന്നു ഇന്ദിര. അയൽക്കാരിയായ സൂസനുമായി വഴിയിൽ സംസാരിക്കുന്നതിനിടെയാണ് വീട്ടിൽ നിൽക്കുകയായിരുന്ന സൂസന്റെ മകൻ ആനകളെ കണ്ട് ബഹളം വെച്ചത്.
എന്താണ് എന്ന് മനസാലാകാത്തതിനാൽ വീട്ടിലെത്തി ചോദിച്ചു,അപ്പോഴാണ് ആന വന്നിട്ടാണ് വിളിച്ചതെന്ന് മനസ്സിലായത്. ഉടനെ താൻ ഇന്ദിരാമ്മയെ വിളിച്ചു. ആന വരുന്നുണ്ട്, ഓടി രക്ഷപ്പെടാൻ പറഞ്ഞു. ഇന്ദിരാമ്മ ഉയരം കുറഞ്ഞ ഒരാളാണ്. കാലിനും വയ്യാത്തതാണ്. പെട്ടെന്ന് ഓടാനൊന്നും പറ്റില്ല. അത് വടിയും പിടിച്ച് പതുക്കെ ഇറങ്ങിയപ്പോഴേക്കും ആന അടുത്തെത്തി. ആന ഇന്ദിരാമ്മയെ ചവിട്ടി. കൊലവിളി വിളിച്ച് കുത്തുകയും ചെയ്തു. കുത്തുന്നത് ഞാൻ ഈ കണ്ണുകൊണ്ട് കണ്ടു. എങ്ങനെ സഹിക്കും ഞാൻ. എനിക്ക് സഹിക്കാൻ മേലാ. ഇതിലും ഭേദം എന്നെ കൊന്നുകളയുന്നതായിരുന്നു.’-ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ട വേദനയിൽ സൂസൻ പറയുന്നു.
ചെവിയുടെ സമീപത്തായി മുറിവുകൾ ഉണ്ടായിരുന്നെന്നും ഇത് കാട്ടാനയുടെ ചവിട്ടേറ്റതാണെന്നും ദൃക്‌സാക്ഷികൾ പറയുന്നു. സമീപത്ത് റബ്ബർ വെട്ടുകയായിരുന്ന തൊഴിലാളികൾ ബഹളം കേട്ട് ആദ്യം ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. രാവിലെ 7.15-ഓടെയാണ് സംഭവം നടന്നതെങ്കിലും ഒന്നരമണിക്കൂർ കഴിഞ്ഞാണ് ഇന്ദിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത് എന്നാണ് വിവരം.
ALSO READ- പുരയിടത്തിലെ ആനയെ തുരത്താൻ ശ്രമിച്ചു; അടിമാലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധിക മരിച്ചു
അതേസമയം, ഇടുക്കി- എറണാകുളം ജില്ലകളിലായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് കാഞ്ഞിരവേലി. മലയാറ്റൂർ റിസർവ്വിനോട് ചേർന്ന ഈ പ്രദേശത്ത് കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാണ്. ജനവാസം താരതമ്യേന കുറഞ്ഞ പ്രദേശത്തെ മിക്കവരും വന്യജീവി ആക്രമണം ഭയന്ന് ഇവിടംവിട്ടുപോയിരുന്നു.
Discussion about this post