തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിജെപിയിലെ നേതാക്കളുടെ പരസ്യപ്രതികരണത്തിന് എതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻറണിക്കെതിരെ പരസ്യമായി പ്രതികരിച്ച പി സി ജോർജ് ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് സുരേന്ദ്രന്റെ പരാമർശം.
പിസി ജോർജിന് എതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആന്റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. മികച്ച സ്ഥാനാർത്ഥിയാണ്, അദ്ദേഹം വിജയിക്കും. പൊതു പ്രവർത്തകർ സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫേസ്ബുക്കിലൂടെ പറയുന്നവർക്കെതിരെ നടപടിയുണ്ടാകും.പി സി ജോർജ് ഇപ്പോൾ വന്നല്ലേയുള്ളൂ, നിലവിൽ നടപടിയെടുത്തത് വർഷങ്ങളായി പാർട്ടിയിലുള്ളവർക്കു നേരെയാണന്നും കെ സുരേന്ദ്രൻ വിശദീകരിച്ചു.
കഴിഞ്ഞദിവസം പിസി ജോർജ് അനിൽ ആന്റണിക്ക് എതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ‘പത്ത് പേരെ നിർത്തി അനിൽ ആന്റണി ആരാണെന്ന് ചോദിച്ചാൽ ആർക്കും മനസിലാവില്ലെന്ന് പിസി ജോർജ്ജ് വിമർശിച്ചിരുന്നു. അത് പോയിരുന്ന് പറഞ്ഞ് മനസിലാക്കി ബോധ്യപ്പെടുത്തേണ്ടുന്നത് ഗതികേട് തന്നെയാണ്. കെ സുരേന്ദ്രനോ പിഎസ് ശ്രീധരൻ പിള്ളയോ ആയിരുന്നെങ്കിൽ പരിചയപ്പെടുത്തേണ്ട കാര്യം ഉണ്ടാവില്ലായിരുന്നു.’
‘ ബിഷപ്പുമാർക്കും എൻഎസ്എസ് നേതൃത്വത്തിനും പിഎസ് ശ്രീധരൻ പിള്ള സ്ഥാനാർത്ഥിയാകണമെന്നായിരുന്നു താത്പര്യം. ആ നിലയ്ക്കുള്ള ഒരു ദുഃഖമേ തനിക്കുള്ളൂ. അവരോടൊക്കെ എന്ത് പറയും? എനിക്ക് വല്ലതും പറയാൻ പറ്റുമോ? പാർട്ടി ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും പിന്തുണക്കും. വെള്ളാപ്പള്ളിയൊക്കെ ഇത്രയും പ്രായമുള്ള മനുഷ്യനാണ്. ഇന്ന് പറയുന്നത് അദ്ദേഹം നാളെ പറയില്ല. നാളെ പറയുന്നത് നാളത്തെ കഴിഞ്ഞ് പറയില്ല. അപ്പോൾ അങ്ങേരെയൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ ഒരു ചേട്ടൻ നമ്മളോട് വൃത്തികേട് എന്തെങ്കിലും ചെയ്താൽ ക്ഷമിച്ചേക്കണം.’ അല്ലാതെ വെള്ളാപ്പള്ളിയോടൊന്നും മറുപടി പറയാൻ താനില്ലെന്നുമാണ് പിസി ജോർജ്ജ് പറഞ്ഞത്.
അതേസമയം, അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരെ നിരവധി പ്രാദേശിക നേതാക്കളാണ് അതൃപ്തി അറിയിച്ചത്. പിസി ജോർജ് പറഞ്ഞത് പോലെ സ്ഥാനാർഥിയെ ആളുകൾക്ക് പരിചയപ്പെടുത്തേണ്ട അവസ്ഥയാണ്. സ്ഥാനാർഥിയെ സ്വീകരിക്കാൻ ആർഎസ്എസ് പറഞ്ഞാൽ മാത്രമേ അനുസരിക്കൂവെന്നാണ് ബിജെപി ചിറ്റാർ മണ്ഡലം വൈസ് പ്രസിഡന്റ് കെഎസ് പ്രതാപൻ വിമർശിച്ചത്.
Discussion about this post