തിരുവനന്തപുരം: വാമനപുരം സ്വദേശിയായ അഭിഭാഷകനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ബാറിലെ അഭിഭാഷകനായ വിഎസ് അനിലിനെയാണ് തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ വാമനപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അനിൽ അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു മരിച്ചത്.
ഗ്രൂപ്പിൽ കുറിപ്പ് കണ്ട സഹപ്രവർത്തകരാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കളെത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടൂറിസം വകുപ്പിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച അനിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. വീട്ടിൽ തനിച്ചായിരുന്നു താമസം.
താൻ ജീവനൊടുക്കുന്നത് രണ്ട് ജൂനിയർ അഭിഭാഷകരുടെ അധിക്ഷേപത്തിൽ മനംനൊന്താണെന്നാണ് അനിലിന്റെ കുറിപ്പിൽ പറയുന്നത്. ”ആദ്യമായും അവസാനമായുമാണ് ഞാൻ ഈ ഗ്രൂപ്പിൽ കുറിക്കുന്നത്. ജീവിതം അവസാനിപ്പിക്കാൻ പോകുന്ന ഒരാളുടെ കുറിപ്പാണ്. (അവിടെയും പരാജയപ്പെടരുതേ എന്ന് പ്രാർത്ഥിക്കുന്നു ) മറ്റൊരാൾക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസ്സേജ്.എന്റെ പേര് അനിൽ വി.എസ്. ജൂനിയർ അഡ്വക്കേറ്റ് ആണ്. ഒരേ ഓഫീസിലെ രണ്ട് ജൂനിയർ അഡ്വക്കേറ്റ്സിന്റെ ഹരാസ്മെന്റും അതുമൂലമുണ്ടായ അപമാനവും താങ്ങാതെ ഇവിടം വിടുകയാണ്.”
”മിഡ്നൈറ്റിൽ ഇവർ ആൾക്കാരെ കൂട്ടി എന്റെ വീട്ടിൽവന്ന് അട്ടഹസിച്ചു. ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊരു സിറ്റുവേഷൻ ഫെയ്സ് ചെയ്തിട്ടില്ല. എല്ലാവരുടെ മുന്നിലും അപമാനിക്കപ്പെട്ടു”- എന്നാണ് കുറിപ്പിലുള്ളത്. രണ്ട് ജൂനിയർ അഭിഭാഷകരുടെ പേരും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
കൂടാതെ, ഇവരുമായി അടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക. ഇനി ഒരാളുടെ ജീവനോ കുടുംബമോ ഇവർ കാരണം നശിക്കരുത്. അതിനു വേണ്ടിയാണു ഇത് കുറിച്ചതെന്നും അനിൽ ഈ കുറിപ്പിൽ പറയുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ഠീഹഹ ളൃലല വലഹുഹശില ിൗായലൃ: 1056, 04712552056)
Discussion about this post